കോട്ടയം
‘തിക്കും തിരക്കും കടുത്തചൂടും. അതിനൊപ്പം അനന്തമായ പിടിച്ചിടലും. പലരും വിയർത്തുകുളിക്കും. ചിലരെല്ലാം തളർന്ന് അവശരാകും. ചിലർ കുഴഞ്ഞു വീഴും. ജോലിക്കും ആവശ്യകാര്യങ്ങൾക്കും കൃത്യസമയത്ത് എത്താൻ പറ്റാതെ കഷ്‌ടപ്പെടുന്നവർ നിരവധി. ശ്വാസംപോലും കിട്ടാൻ വലയുന്ന യാത്രക്കാരെ കാണണമെങ്കിൽ കോട്ടയത്ത്‌നിന്ന് ഒരു ദിവസം രാവിലെ എറണകുളത്തേക്ക് യാത്ര ചെയ്താൽമതി’– ഇവരുടെ യാത്രാദുരിതം ദിനംപ്രതി വർധിക്കുകയാണ്. നിരവധി തവണ പരാതികൾ നൽകി. പ്രതിഷേധങ്ങൾ നാട് പലകുറി കണ്ടു. കണ്ണ് തുറക്കാൻ ഇതുവരെ റെയിൽവേ തയ്യാറായിട്ടില്ല. ഓരോ യാത്രാസമയവും കടന്ന് കിട്ടുന്നത് ഓർക്കുമ്പോൾ അവരുടെ ഉള്ളിൽ ആധിയാണ്. തങ്ങളുടെ ദുരിതങ്ങൾ യാത്രക്കാർ തന്നെ വിവരിക്കുന്നു.
അൽപം ആശ്വാസം; പാലരുവിയിൽ നാല് കോച്ചുകൾ കൂട്ടി
കോട്ടയം
റെയിൽവേ യാത്രികരുടെ ദുരിതത്തിന് അൽപം ആശ്വാസമായി പാലരുവി എക്‌സ്‌പ്രസിൽ നാല് കോച്ചുകൾകൂടി അനുവദിച്ചു. മൂന്ന് ജനറൽ കോച്ചുകളും ഒരു സ്ലീപ്പർ കോച്ചുമാണ് അനുവദിച്ചത്. ബുധനാഴ്ചമുതൽ പുതിയ സൗകര്യങ്ങളോടെയാകും ട്രെയിൻ ഓടുക. തിരുനെൽവേലിയിൽനിന്ന് പാലക്കാടുവരെയുള്ള പാലരുവി എക്‌സ്‌പ്രസ് ജില്ലയുടെ പ്രധാന ഗതാഗതമാർഗങ്ങളിലൊന്നാണ്.
നിലവിൽ 14 കോച്ചുകളാണ് ട്രെയിനിലുണ്ടായിരുന്നത്. 11 സ്ലീപ്പറും മൂന്ന് ജനറലും. രാവിലെയും വൈകിട്ടും കോട്ടയം –- എറണാകുളം റൂട്ടിലെ ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്കിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച യാത്രക്കാർ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കൂടുതൽ ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളിൽ കൂടുതൽ കോച്ചുകളും അനുവദിക്കണമെന്നായിരുന്നു ആവശ്യം. സ്‌റ്റേഷനിലെ പരാതിബുക്കിലും റെയിൽവേയുടെ ആപ്പിലും കൂട്ടമായി പരാതിനൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാലരുവിയിൽ കോച്ചുകൾ കൂട്ടാനുള്ള റെയിൽവേയുടെ തീരുമാനം.
എന്നാൽ ഇതുകൊണ്ടുമാത്രം പ്രതിസന്ധി പരിഹരിക്കില്ലെന്നാണ് യാത്രക്കാർ പറയുന്നത്. പാലരുവിക്കും വേണാട് എക്‌സ്‌പ്രസിനും ഇടയിൽ പുതിയ മെമു അനുവദിക്കുകയാണ് നിലവിലെ യാത്രാദുരിതം പരിഹരിക്കാനുള്ള മാർഗം. രണ്ട് ട്രെയിനുകൾക്കുമിടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയാണ് യാത്രാക്ലേശം വർധിപ്പിക്കുന്നത്. മെമു യാഥാർഥ്യമാകുന്നതോടെ തിരക്കിന് പരിഹാരവും അതിരാവിലെ വീടുകളിൽനിന്ന് പുറപ്പെടേണ്ട അവസ്ഥയ്ക്കും മാറ്റം ഉണ്ടാകും. വന്ദേഭാരത് കടന്നുപോകാൻ പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് തൃപ്പൂണിത്തുറയിലേയ്ക്ക് മാറ്റുക കൂടി ചെയ്താൽ മാത്രമേ ദുരിതത്തിന് ആശ്വാസമാകുകയുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..