18 September Wednesday

നാളെ 
തിരുവോണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

 കോട്ടയം

പൊന്നോണം ഇതാ പടിവാതിൽക്കൽ. ആഘോഷം കേമമാക്കണം, സദ്യ കുശാലാക്കണം. അതിനുള്ള ഓട്ടത്തിന്റെ ദിവസമാണ്‌ ഉത്രാടദിനമായ ശനിയാഴ്‌ച. സാങ്കേതികമായി ഉത്രാടപ്പാച്ചിൽ ശനിയാഴ്‌ചയാണെങ്കിലും, ഓട്ടപ്പാച്ചിൽ നേരത്തേ തുടങ്ങി. 
  ഓണത്തിനുള്ള ഒരുക്കങ്ങൾ എത്ര നടത്തിയാലും നമുക്ക്‌ മതിയാകാറില്ല. സദ്യവട്ടത്തിനുള്ള പച്ചക്കറികളും പലവ്യഞ്‌ജനങ്ങളും വാങ്ങണം, ഓണക്കോടി വാങ്ങണം, ബന്ധുവീടുകളിൽ പോകണം, ആഘോഷപരിപാടികൾ നടത്തണം. എല്ലാം മേടിച്ചാലും സംശയം ബാക്കിയാണ്‌, ഇനി വല്ലതും വാങ്ങാനുണ്ടോ, എന്തെങ്കിലും മറന്നോ?
  സാധനങ്ങൾക്ക്‌ വിലകൂടുതലാണെന്ന പേടി ഇത്തവണയും വേണ്ട. സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും ബാങ്കുകളുടെയും ഓണവിപണികളുണ്ട്‌. ഉത്രാടപ്പാച്ചിൽ കാണാൻ വെറുതേ കവലയിലേക്കൊന്ന്‌ ഇറങ്ങിയാൽ മതി. 
    പച്ചക്കറി കടകളിലും തുണിക്കടകളിലും നിറയെ ആളായിരിക്കും. സാധാരണ അടയ്‌ക്കേണ്ട സമയം കഴിഞ്ഞാലും തുറന്നിരിക്കുന്നതും പതിവാണ്‌. 
  സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയുമെല്ലാം ഓണാഘോഷപരിപാടികളാണ്‌ ഇപ്പോൾ എല്ലായിടത്തും. പൂക്കച്ചവടവും പൊടിപൊടിക്കുന്നു. എല്ലായിടത്തും പൂക്കളങ്ങൾ കാണാം. കുറച്ചുദിവസമായി തുടരുന്ന മഴ ഇപ്പോൾ കുറഞ്ഞ്‌ തെളിഞ്ഞ അന്തരീക്ഷമായത്‌ ഓണത്തിന്റെ മൂഡ്‌ വീണ്ടും "ഓൺ' ആക്കി.
വയനാട്‌ ദുരന്തവും മറ്റും ഇത്തവണത്തെ ഓണാഘോഷത്തിന്‌ മങ്ങലേൽപിച്ചിട്ടുണ്ടെങ്കിലും, ഈ രണ്ടുദിവസം എല്ലാം മറക്കാനുള്ള ഒരുക്കത്തിലാണ്‌ മലയാളികൾ. കാരണം, ഓണാഘോഷമെന്നാൽ മലയാളിക്ക്‌ അത്ര ഗൃഹാതുരത്വം നിറഞ്ഞതാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top