കോട്ടയം
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സർഗാവിഷ്‌കാരത്തിന് പൊതുവേദിയൊരുക്കി തില്ലാന. തില്ലാന ബഡ്‌സ് കലോത്സവത്തിൽ തൃക്കൊടിത്താനം ബഡ്‌സ് സ്കൂൾ, രാമപുരം കൈൻഡ് ആൻഡ് കെയർ, വെളിയന്നൂർ ബഡ്‌സ് സ്കൂൾ, ഈരാറ്റുപേട്ട പ്രതീക്ഷ ബിആർസി എന്നിവിടങ്ങളിലെ നൂറോളം കുട്ടികൾ മാറ്റുരച്ചു. 21 ഇനങ്ങളിലായി മൂന്ന് വേദികളിലായിരുന്നു മത്സരം.
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ബഡ്‌സ് ബിആർസി സ്ഥാപനങ്ങളിലെ കുട്ടികളുടെ ജില്ലാതല കലോത്സവം ‘തില്ലാന’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്‌ഘാടനംചെയ്‌തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി നായർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, അതിരമ്പുഴ സിഡിഎസ് ചെയർപേഴ്സൺ ഷബീന നിസാർ, ജില്ലാ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ജതിൻ ജാതവേദൻ എന്നിവർ സംസാരിച്ചു.
വെളിയന്നൂർ ബഡ്‌സ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഈരാറ്റുപേട്ട പ്രതീക്ഷ ബി ആർ സി റണ്ണറപ്പായി. ജില്ലാതല മത്സരത്തിൽ വിജയികളായവർ ജനുവരി 25ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാനതല കലോത്സവത്തിന് അർഹത നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..