കോട്ടയം
ചിലങ്ക കെട്ടിയാടുന്നതിൽപരം മറ്റൊരു സന്തോഷമില്ലെങ്കിലോ... അർച്ചന നിറഞ്ഞാടുകയാണ് താളമേളങ്ങളിൽ അലിഞ്ഞ്. മകളുടെ നിറചിരിക്കായി എത്രബുദ്ധിമുട്ടിയാലും അതൊരു പ്രശ്‌നമല്ലെന്നൊരമ്മ ഉറപ്പിച്ചു. പിന്നീടിങ്ങോട്ട് അർച്ചനയുടെ മുഖംവാടിയിട്ടില്ല. ഇന്നവൾ ബഡ്‌സ് കലോത്സവവേദികളിലെ മിന്നുംതാരം.
അർച്ചയുടെ സന്തോഷമെല്ലാം പ്രകടമാകുന്നത് നൃത്തവേദികളിലാണ്. അങ്ങനെ അഞ്ചാംവയസിൽ ആദ്യ സ്‌റ്റേജ് പരിപാടി. പിന്നീടിങ്ങോട്ട് അവൾ കീഴടക്കിയ വേദികൾ നിരവധി. ഉഴവൂർ ആറുകാക്കമലയിൽ അശോകന്റെയും വിജയകുമാരിയുടെയും മകളാണ് അർച്ചന അശോകൻ. ഒന്നരവയസിൽ അച്ഛനെ നഷ്‌ടപ്പെട്ട അവൾ വെല്ലുവിളികളെയെല്ലാം അതിജീവിച്ച മികച്ച പ്രതിഭയാണ്. അർച്ചനയുടെ നൃത്തത്തിലുള്ള അഭിരുചി മനസിലാക്കിയതോടെ കുടുംബം കൂടെനിന്നു. നാട്ടിലെ ക്ഷേത്ര പരിപാടികളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പഞ്ചായത്തുതല മത്സരങ്ങളിലുമെല്ലാം അർച്ചനയുടെ നൃത്താവിഷ്‌കാരം ഉണ്ടാവാറുണ്ട്. വെളിയന്നൂർ ബഡ്‌സ് സ്‌കൂളിലെ അധ്യാപകർ അർച്ചനയെ മത്സരവേദികളിലും എത്തിച്ചു. അഞ്ചുവർഷമായി ബഡ്‌സ് കലോത്സവവേദികളിലെ നിറസാന്നിധ്യമാണവൾ. ഇത്തവണ ജില്ലാതല ബഡ്‌സ് കലോത്സവത്തിൽ നാടോടി നൃത്തത്തിലായിരുന്നു അർച്ചനയുടെ പ്രകടനം. മുൻവർഷങ്ങളിൽ സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളും സ്വന്തമാക്കി.
‘‘ഡാൻസ് കളിക്കുന്നതാണ് അവൾക്കേറ്റവും ഇഷ്‌ടം. കുട്ടിയുടെ സന്തോഷമാണ് എനിക്ക് വേണ്ടത്’’ അമ്മ വിജയകുമാരി പറഞ്ഞു. ഇത്തവണ അമ്മയാണ് അർച്ചനയെ നൃത്തം പഠിപ്പിച്ചതും. യുട്യൂബിൽ നോക്കിയാണ് മകളെ മത്സരത്തിനായി ഒരുക്കിയത്. സ്വന്തമായുണ്ടായിരുന്ന തയ്യൽകട കൊറോണക്കാലത്തോടെ നിർത്തേണ്ടി വന്നശേഷം വീട്ടിൽതന്നെ തയ്യൽജോലികൾ നടത്തുകയാണ് വിജയകുമാരി. നൃത്തത്തിനൊപ്പം മിമിക്രിയിലും ചിത്രരചനയിലും അർച്ചന മികവ് തെളിയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..