കോട്ടയം
സംസ്ഥാനത്തെ പ്രധാനപാതകളിൽ ഒന്നായ എംസി റോഡ് മുഖം മിനുക്കുന്നു. ഈ റോഡിലെ ഏറ്റവും വീതികുറഞ്ഞതും തിരക്കേറിയതുമായ ചെങ്ങന്നൂർമുതൽ കോട്ടയംവരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു.
39 കോടി രൂപ ചെലവിൽ ചെങ്ങന്നൂർ ഐടിഐ ജങ്‌ഷൻ മുതൽ കോട്ടയം ടിബി ജങ്‌ഷൻവരെയുള്ള 36 കിലോമീറ്റർ ദൂരമാണ് നവീകരിക്കുക. പാതയുടെ ഇരുവശവുമുള്ള കാടും മരച്ചില്ലകളും മറ്റുതടസങ്ങളും നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
പ്രധാനകവലകളുടെ നവീകരണം ഉൾപ്പെടെ പദ്ധതിയിലുൾപ്പെട്ടിട്ടുണ്ട്. ബിഎം –- ബിസി നിലവാരത്തിൽ റോഡ് പുതുക്കിപ്പണിയും. ഇതോടൊപ്പം സുരക്ഷാ മുന്നറിയിപ്പ് സംവിധാനം, സിഗ്നലുകൾ, ബോർഡുകൾ, മാർക്കിങുകൾ, സീബ്രാവരകൾ, ബ്ലിങ്കർ ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കും. ഇതോടൊപ്പം പാലങ്ങളുടെ സമീപനപാതകളും ഉയർത്തും.
ചങ്ങനാശേരി നഗരത്തിലെ നടപ്പാതകളുടെ നവീകരണവും പദ്ധതിയിലുൾപ്പെട്ടിട്ടുണ്ട്. ചങ്ങനാശേരി, തുരുത്തി എന്നിവിടങ്ങളിൽ അപകടമുന്നറിയിപ്പിനുള്ള ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടക്കുന്നത്. ചെങ്ങന്നൂർമുതൽ കോട്ടയംവരെ കൊല്ലം -– -ദിണ്ഡിഗൽ ദേശീയപാത 183- ന്റെ ഭാഗം കൂടിയാണ് എംസി റോഡ്. ഇതിന്റെ മറ്റൊരുഭാഗമായ കെകെ റോഡിന്റെ വാഴൂർ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള പദ്ധതിയും ആരംഭിക്കാനിരിക്കുകയാണ്. മണിപ്പുഴ–-മണർകാട് ബൈപ്പാസ് ഉൾപ്പെടെയുള്ള ബൃഹത്തായ പ്രൊജക്‌ടാണ് ഇത്.
തിരുവനന്തപുരംമുതൽ അങ്കമാലിവരെ എംസി റോഡ് നാലുവരിയാക്കുന്നതിന്റെ സർവേ നടപടികളും പൊതുമരാമത്ത് ഡിസൈൻ വിഭാഗം ആരംഭിച്ചിട്ടുണ്ട്. 2002ൽ ഇതിനായി തുക വകയിരുത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..