കാഞ്ഞിരപ്പള്ളി
കൂട്ടിക്കലിനെ പ്രളയം പിഴുതെറിഞ്ഞിട്ട് രണ്ടുവർഷം പൂർത്തിയാകുമ്പോൾ സമസ്‌ത മേഖലകളിലും പുനർനിർമാണം സാധ്യമാക്കിയെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മരിച്ചവരുടെ ആശ്രിതർ, കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടവർ എന്നിവർക്കുള്ള നഷ്ടപരിഹാരം കൃത്യമായി നൽകി.
വീടും ഭൂമിയും നഷ്ടപ്പെട്ട എല്ലാവർക്കും ഭൂമി വാങ്ങാൻ ആറു ലക്ഷം രൂപ വീതം നൽകി. ഭവന നിർമാണത്തിന് നാല് ലക്ഷം രൂപയും അനുവദിച്ചു. ഒന്നാം ഗഡുവായ ഒരു ലക്ഷം രൂപ ഇതിനോടകം നൽകി. ബാക്കിതുക വീട് പണിയുടെ നിർമാണ പുരോഗതിക്ക് അനുസൃതമായി നൽകും. ജലനിധി കുടിവെള്ള പദ്ധതികൾ പുനരുദ്ധരിച്ചു. എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ 11 വീടുകളും സിപിഐ എമ്മിന്റെ നേതൃത്വത്തിൽ 25 വീടുകളും ഉൾപ്പെടെ 150 വീടുകൾ ഒരുക്കുന്നുണ്ട്. മുണ്ടക്കയം- കൂട്ടിക്കൽ റോഡും, കൂട്ടിക്കൽ -കാവാലി-ചോലത്തടം റോഡും, കൂട്ടിക്കൽ നഴ്സറി സ്കൂൾ -പ്ലാപ്പള്ളി റോഡും പുനർനിർമിച്ചു. മ്ലാക്കര പാലം നിർമാണം അന്തിമഘട്ടത്തിലെത്തി. ഏന്തയാർ മുക്കളം പാലം, ഇളംകാട് ടൗൺ പാലം തുടങ്ങിയവയ്ക്ക് ഫണ്ട് അനുവദിച്ചു. 150 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിയും കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട നിർമാണവും ടെൻഡറായി. 50 ലക്ഷം രൂപ അനുവദിച്ച് സ്മാർട്ട് വില്ലേജ് വില്ലേജ് ഓഫീസ് യാഥാർഥ്യമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..