22 December Sunday
ഡ്രോൺ പൈലെറ്റ്‌സ് വരുന്നു

കാർഷികമേഖലയിൽ കൂടുതൽ 
സ്മാർട്ടാകാൻ കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
കോട്ടയം
കാർഷികമേഖലയിൽ വനിതകൾക്ക് നൂതന സാങ്കേതിക വിദ്യകളുടെ സഹായം ലഭ്യമാക്കാൻ പദ്ധതികളുമായി കുടുംബശ്രീ. ഇതിന്റെ ഭാഗമായി ഡ്രോൺ ആപ്ലിക്കേഷനുകളിൽ പരിശീലനം നൽകാനായുള്ള സംസ്ഥാനതല ശിൽപശാല ചൊവ്വ രാവിലെ 10 മുതൽ എംജി സർവകലാശാലയിൽ നടക്കും. കുടുംബശ്രീ മിഷനും എംജി സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസും ചേർന്ന്‌ നടത്തുന്ന ശിൽപശാല വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. ഡോ. ബീന മാത്യു ഉദ്ഘാടനം ചെയ്യും. ഡ്രോണിന്റെ വിവിധ പ്രവർത്തന രീതികളും അറ്റകുറ്റപ്പണികൾ, കേടുപാടുകൾ പരിഹരിക്കൽ എന്നിവയുടെ അവബോധനവും ഫീൽഡ്തല പ്രവർത്തനപ്രദർശനവും സംഘടിപ്പിക്കും.  
കാർഷികമേഖലയിൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉൽപാദന ക്ഷമത വർധിപ്പിച്ച്‌ വനിതകൾക്ക് ഉയർന്ന വരുമാനം ലഭ്യമാക്കാനുള്ള നിരവധി പ്രവർത്തനങ്ങളാണ്‌ കുടുംബശ്രീ നടപ്പാക്കുന്നത്. സാങ്കേതിക പരിശീലനങ്ങൾ നൽകുന്നതിന്റെ ആദ്യ ഘട്ടമായി കാർഷിക മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വിത്തുവിതയ്ക്കാനും മരുന്നു തളിക്കാനും വിളകളുടെ വളർച്ച നിരീക്ഷിക്കാനും ഡ്രോണുകൾ ഉപയോഗിക്കാനാകും. വലിയ തോതിൽ സമയം ലാഭിക്കുന്നതിനും ശാരീരിക അധ്വാനം കുറയ്ക്കാനും ഡ്രോൺ സാങ്കേതികവിദ്യ സഹായിക്കും.  
നമോ ദീദി ഡ്രോൺ യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത 49 കുടുംബശ്രീ കർഷകർക്ക് ഡ്രോൺ പറത്തുന്നതിൽ പരിശീലനവും ലൈസൻസും നൽകിയിരുന്നു. ഇങ്ങനെ പരിശീലനം നേടിയവർക്ക് കൂടുതൽ അറിവും ഡ്രോണുകൾ ഉപയോഗിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള വൈദഗ്ധ്യവും ലഭ്യമാക്കുകയാണ് കുടുംബശ്രീ മിഷനും എംജി സർവകലാശാലയും ലക്ഷ്യമിടുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top