15 December Sunday

സ്‌നേഹിതയുണ്ട്‌ സാന്ത്വനമായി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

 കോട്ടയം

കരുത്തുപകർന്ന്‌ സ്‌നേഹിത ഒപ്പം നിൽക്കും, കുതിക്കാം പുതിയ ഉയരങ്ങളിലേക്ക്‌. സ്‌ത്രീകൾക്കും കുട്ടികൾക്കും അഭയമായ സ്‌നേഹിത ജില്ലയിൽ തണലായത്‌ നിരവധിപ്പേർക്ക്‌. കുടുംബശ്രീ മിഷന്റെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കുകൾ വഴി അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക അഭയവും കൗൺസിലിങ്ങും ഉൾപ്പടെയുള്ള സേവനങ്ങളാണ്‌ ഉറപ്പാക്കുന്നത്‌. സ്‌നേഹിതയിലൂടെ ജില്ലയിൽ ഇതുവരെ കൈകാര്യം ചെയ്‌തത്‌ 3973 കേസുകൾ. 2017 നവംബർ ഏഴുമുതൽ 2024 നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്‌. 1105 ഡയറക്റ്റ് കേസുകളും 2868 ടെലി കേസുകളും സ്‌നേഹിതയിലെത്തി.- 442 പേർക്ക്‌ താത്ക്കാലിക അഭയം ഒരുക്കി. 3185 പേർക്ക്‌ കൗൺസലിങ്‌ നൽകി. സ്‌നേഹിത ജെൻഡർ ഹെൽപ്‌ ഡെസ്‌ക്‌ 2017 നവംബർ ഏഴിനാണ്‌ പ്രവർത്തനം ആരംഭിച്ചത്‌. അടിച്ചിറയിലാണ്‌ താൽകാലിക അഭയകേന്ദ്രം. ഗാർഹികപീഡനം, ദാമ്പത്യപ്രശ്‌നങ്ങൾ, വയോജനങ്ങളുടെ ഒറ്റപ്പെടലും അവഗണനയും മദ്യപാനം മൂലം വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾ, തൊഴിൽ തേടിയുള്ള അന്വേഷണങ്ങൾ എന്നിവയാണ് കൂടുതലും റിപ്പോർട്ട്‌ ചെയ്‌തത്‌. സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ പിന്തുണയോടെ നിയമസഹായം, അവബോധ ക്ലാസ്സുകൾ, തൊഴിൽ മാർഗനിദേശങ്ങൾ, പുനരധിവാസം എന്നിവയും ഉറപ്പാക്കുന്നു. ജെൻഡർ ഹെൽപ്‌ ഡെസ്‌കിൽ കൗൺസിലർ, സർവീസ് പ്രൊവൈഡർ, സെക്യൂരിറ്റി, കെയർടേക്കർ എന്നിവരാണുള്ളത്‌. 
സേവനങ്ങൾക്ക്‌
സ്നേഹിത ടോൾ ഫ്രീ നമ്പർ: 1800 425 2049. ഫോൺ: 0481–--2792555, മൊബൈൽ: 9496346684. വിലാസം: സ്‌നേഹിത ജെൻഡർ ഹെൽപ്‌ ഡെസ്‌ക്‌
ഹൗസ്‌ നമ്പർ. 539, തെള്ളകം പി ഒ, കോട്ടയം -686630. ഇ–- മെയിൽ: snehithacomplaints@gmail.com.
വാർഷികാഘോഷം 17ന്‌
ഏഴാം വാർഷികാഘോഷവും നയീ ചേതന 3.0 ജെൻഡർ ക്യാമ്പയിൻ ഉദ്‌ഘാടനവും കൂട്ടുകാരി–- സിംഗിൾ വുമൺ സംഗമവും 17ന്‌ നടക്കും. മാമൻ മാപ്പിളഹാളിൽ രാവിലെ 10മുതലാണ്‌ പരിപാടി. 11.30ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു ഉദ്‌ഘാടനംചെയ്യും. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ്‌ കെ ദിവാകർ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top