കോട്ടയം
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുകളുടെ സന്ദേശം മുഴുവൻ ജനവിഭാഗങ്ങളിലേക്കും എത്താനുള്ള പദ്ധതികൾക്ക് രൂപംനൽകി എൽഡിഎഫ് ജില്ലാ പ്രവർത്തക കൺവൻഷൻ. സർക്കാരിന്റെ വികസന നയങ്ങളും പരിപാടികളും ജനങ്ങളോട് വിശദീകരിച്ച് നവംബർ ഒന്നുമുതൽ വീട്ടുമുറ്റ സദസ്സുകൾ നടത്തും. എൽഡിഎഫിന്റെ ജനപ്രിയ നടപടികൾക്ക് തുരങ്കംവയ്‌ക്കാൻ യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന ശ്രമങ്ങളെയും കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നിലപാടുകളെയും തുറന്നുകാണിക്കും. പ്രാദേശിക തലങ്ങളിൽ പ്രചാരണ യോഗങ്ങൾ ചേരും. ഡിസംബർ 12, 13, 14 തീയതികളിലാണ് ജില്ലയിൽ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നവകേരള സദസ്സുകൾ നടത്തുന്നത്. 12ന് മുണ്ടക്കയം, പൊൻകുന്നം, പാലാ, 13ന് ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി, 14ന് കടുത്തുരുത്തി, വൈക്കം എന്നിങ്ങനെയാണ് സദസ്സുകൾ. 13നും 14നും രാവിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്‌ചയും നടത്തും.
കൺവൻഷൻ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, തോമസ് ചാഴികാടൻ എംപി, എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു, സി കെ ആശ എംഎൽഎ, എൽഡിഎഫ് നേതാക്കളായ സി കെ ശശിധരൻ, സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി, സാജൻ ആലക്കളം, മാത്യൂസ് ജോർജ്, എം ടി കുര്യൻ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, അഡ്വ. ഫ്രാൻസിസ് തോമസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..