26 December Thursday
കൂട്ടിക്കൽ പുനർനിർമാണം പൂർത്തിയായി

നടുക്കുന്ന ഓർമയ്ക്ക് 2 വയസ്

ഇക്ബാൽ ഇല്ലത്തു പറമ്പിൽUpdated: Monday Oct 16, 2023
കൂട്ടിക്കൽ
രണ്ടുവർഷം മുമ്പ്‌ ഇതേ ഒക്‌ടോബർ 16ന്‌ തുടങ്ങിയ പേമാരിയും ഉരുൾപൊട്ടലും കിഴക്കൻ മലയോര ഗ്രാമമായ കൂട്ടിക്കലിനെ പിഴുതെറിഞ്ഞു. കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ജീവൻ നഷടപ്പെട്ടത് 20 പേർക്ക്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഏക്കർ കണക്കിന് ഭൂമിയും കാർഷികവിളകളും ഒഴുകിപ്പോയി. 250 വീടുകൾ തകർന്നു. ഒട്ടേറെ പേർക്ക് കിടപ്പാടം നഷ്‌ടമായി. പാലങ്ങൾ, റോഡുകൾ എല്ലാം തകർന്നു. ഒട്ടേറെ പേരുടെ വിലപിടിപ്പുള്ള ഉപകരണങ്ങളും രേഖകളും നഷ്‌ടമായി. 
നിനച്ചിരിക്കാതെ പെയ്‌തിറങ്ങിയ ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ട കൂട്ടിക്കലിലേക്ക്‌ നിമിഷങ്ങൾക്കം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ സർക്കാർ ഉദ്യോഗസ്ഥരും സന്നാഹങ്ങളും എത്തി. സിപിഐ എമ്മിന്റെയും വിവിധ വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കി. ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും നൽകി. ചെളിയും മണ്ണും നിറഞ്ഞ വീടുകളും കിണറുകളും വൃത്തിയാക്കി നൽകി. മന്ത്രിമാരായ കെ രാധാകഷ്ണൻ, വീണാ ജോർജ്, രാജൻ എന്നിവരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. മുതിർന്ന സിപിഐ എം നേതാവ്‌ കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസൽ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകർ ഒരു മാസത്തോളം ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടായി. വീട്‌ നഷ്‌ടപ്പെട്ട 25 കുടുംബങ്ങൾക്ക്‌ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ബഹുജന സംഘടനകളുടെ സഹകരണത്തോടെ നിർമിച്ചു നൽകി. ഇതിന്റെ അലോട്ട്മെന്റ്‌ ശനിയാഴ്ച നടന്നു. നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലലെത്തി ഈ വീടുകൾ കൈമാറും. 
അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, വിവിധ മതസംഘടനകൾ, സന്നദ്ധ പ്രവർത്തകർ, സ്വകാര്യ വ്യക്തികൾ എന്നിവർ ഒട്ടേറെ വീടുകൾ പുതുതായി നിർമിച്ച് ഭവനരഹിതർക്ക് കൈമാറി. ദുരിതവേളയിൽ സംസ്ഥാന സർക്കാരിന്റെയും നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കോടികണക്കിന് രൂപയുടെ ധനസഹായവും ലഭ്യമായതോടെ കൂട്ടിക്കലിന്റെ പുനർനിർമാണം വേഗത്തിലായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top