23 December Monday

റഫറൽ കേന്ദ്രം തലയോലപ്പറമ്പിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024
കോട്ടയം
പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക്‌ ജില്ലയിലും തുടക്കമാകുന്നു. കന്നുകാലികളിലെ വന്ധ്യതാപ്രശ്‌നങ്ങൾ പരിഹരിക്കാൻ കെഎൽഡി ബോർഡിന്റെ  ‘മേഖലാ കന്നുകാലി വന്ധ്യതാനിവാരണ കേന്ദ്രം(റഫറൽ) ജില്ലയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കും.   
  ഭ്രൂണമാറ്റ പ്രക്രിയയിലൂടെ മുന്തിയ ഇനം പശുക്കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വന്ധ്യതയുമായി ബന്ധപ്പെട്ട് അതത്‌ ഇടത്തെ വെറ്ററിനറി ഡോക്ടർ റഫർ ചെയ്ത‌ കേസുകളാണ്‌ റഫറൽ കേന്ദ്രത്തിൽ പരിഗണിക്കുക. വിദഗ്‌ധരുടെ സേവനം, രോഗനിർണയത്തിനും ചികിത്സയ്ക്കും അത്യാധുനിക ഉപകരണങ്ങൾ, സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറികളുടെയും ഭ്രൂണമാറ്റ ഐവിഎഫ് സാങ്കേതികവിദ്യകളുടെയും സേവനം വീട്ടുപടിക്കൽ ലഭ്യമാകും. പദ്ധതിയുടെ തുടക്കമെന്നനിലയിൽ വൈക്കം കേന്ദ്രീകരിച്ചുള്ള എട്ട്‌ മൃഗാശുപത്രികളിലും സേവനം ലഭ്യമാക്കും.
    പാലുൽപ്പാദനക്ഷമതയിൽ രാജ്യത്തുതന്നെ മുൻനിരയിൽ നിൽക്കുന്ന സങ്കരയിനം പശുക്കൾ കേരളത്തിനുണ്ട്. ഇവയുടെ പ്രത്യുൽപ്പാദനക്ഷമത പൂർണമായും ഉപയോഗിച്ച്‌ ലാഭകരമായ പാലുൽപ്പാദനത്തിലൂടെ കൂടുതൽ സംരംഭകരെ ആകർഷിക്കാനാകും. എന്നാൽ വർഷംതോറും ഒഴിവാക്കപ്പെടുന്ന പശുക്കളിൽ 40 ശതമാനത്തോളം വന്ധ്യതാ പ്രശ്നങ്ങൾ കൊണ്ടാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു പശു വർഷത്തിൽ ഒരു പ്രസവം എന്ന രീതി അവലംബിച്ചാലേ ലാഭകരമായ പാലുൽപ്പാദനം സാധ്യമാകൂ. ഇതിനായി കേരള സർക്കാർ പദ്ധതിക്ക് രൂപംനൽകി കേന്ദ്ര സംസ്ഥാന സംയോജിത പദ്ധതിയായി കെഎൽഡി ബോർഡിലൂടെ നടപ്പിലാക്കുകയാണ്‌. 
   തലയോലപ്പറമ്പ്‌ ലൈവ്‌സ്‌റ്റോക്ക്‌ ഫെർട്ടിലിറ്റി മാനേജ്‌മെന്റ്‌ സെന്റർ ക്യാമ്പസിൽ ബുധൻ പകൽ രണ്ടിന്‌ മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്രം ഉദ്‌ഘാടനംചെയ്യും. സി കെ ആശ എംഎൽഎ അധ്യക്ഷയാകും. തലയോലപ്പറമ്പ്‌ കൂടാതെ കേരളത്തിൽ കൊല്ലം ചിതറയിലും കോഴിക്കോടുമാണ്‌ റഫറൽ സെന്ററുകൾ പ്രവർത്തിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top