23 December Monday

എരുമേലി ഉണർന്നു, തീർഥാടകരെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024
എരുമേലി
മണ്ഡല, മകരവിളക്ക്‌ ഉത്സവത്തോടനുബന്ധിച്ച്‌ എരുമേലിയിൽ ശബരിമല തീർഥാടകരെത്തിത്തുടങ്ങി. ഇനി രണ്ടുമാസം എരുമേലി ഉത്സവ ലഹരിയിൽ. വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന തീർഥാടകർ എരുമേലിയിൽ പേട്ടതുള്ളിയതിന്‌ ശേഷമാണ് ശബരിമലയ്ക്ക് പോവുക. വാഹനങ്ങൾ പാർക്കുചെയ്യാൻ ദേവസ്വം ബോർഡ്, ഹൗസിങ്‌ ബോർഡ്, മഹല്ല്‌ മുസ്ലിം ജമാഅത്ത്, സ്വകാര്യ വ്യക്തികളുടെ പാർക്കിങ്‌ കേന്ദ്രങ്ങൾ എന്നിവയടക്കം 19 പാർക്കിങ്‌ സ്റ്റേഡിയങ്ങളാണുള്ളത്. തീർഥാടന മേഖലയിലെ ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കാൻ എരുമേലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ സെപ്റ്റേജ് യൂണിറ്റ് ശനിയാഴ്ച പ്രവർത്തനമാരംഭിക്കും. ഒരുമണിക്കൂറിൽ ആറായിരം ലിറ്റർ മാലിന്യംവരെ സംസ്‌കരിക്കാനുള്ള ശേഷി യൂണിറ്റിനുണ്ട്. ചങ്ങനാശേരി നഗരസഭയിലെ മൊബൈൽ സെപ്‌റ്റേജ് യൂണിറ്റാണ് സീസൺവേളയിൽ എരുമേലിയിൽ പ്രവർത്തിക്കുക. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്‌ സമീപം ശനി രാവിലെ 8.30ന് പഞ്ചായത്ത് പ്രസിഡന്റ്‌ മറിയാമ്മ സണ്ണി ഉദ്‌ഘാടനംചെയ്യും.
 
പൊലീസ്‌ സജ്ജം
ശബരിമല സീസണിൽ എരുമേലിയിലും പരിസര പ്രദേശങ്ങളിലുമായി 500ലേറെ പൊലീസുകാരെ നിയമിച്ച് സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കിയതായി അധികൃതർ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആധുനിക സംവിധാനങ്ങളുള്ള നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മോഷണം, പിടിച്ചുപറി, സാമൂഹ്യവിരുദ്ധ പ്രവർത്തനം എന്നിവ തടയാൻ പാർക്കിങ്‌ കേന്ദ്രങ്ങൾ, കുളിക്കടവുകൾ, ഇതര തീർഥാടക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മഫ്ത്തിയിൽ പൊലീസുണ്ടാകും. ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും ഡോഗ് സ്ക്വാഡിന്റെ പ്രവർത്തനവുമുണ്ടായിരിക്കും. പ്രാദേശികമായി പരിചയമുള്ള നിയമ പാലകരെയാണ് പ്രധാനകേന്ദ്രങ്ങളിൽ നിയമിച്ചിട്ടുള്ളത്. രാത്രിയിൽ വാഹനമോടിച്ച് എത്തുന്ന ഡ്രൈവർമാരുടെ ക്ഷീണമകറ്റാൻ ചുക്കുകാപ്പി വിതരണംചെയ്യും. ശബരിമല പാതയിലെ എരുത്വാപ്പുഴ ഇറക്കം, കണമല അട്ടിവളവ് എന്നിവിടങ്ങിൽ തീർഥാടക വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പ്രത്യേക ബോധവൽക്കരണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top