കോട്ടയം
ആഘോഷരാവുകളുടെ ഈരടികൾ ഉയർന്നു. ക്രിസ്‌മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാടാകെ.
കമ്പുകൾ ചേർത്തുകെട്ടി പുൽക്കൂടൊരുക്കുന്നതും അതിൽ വയ്ക്കാൻ പുല്ല് പറിച്ചെടുക്കാൻ പോകുന്നതും ഇപ്പോൾ എങ്ങും കാണാനില്ല. റെഡിമെയ്ഡ് പുൽക്കൂടും ക്രിസ്മസ്ട്രീയും നക്ഷത്രവുമൊക്കെ വാങ്ങി വീട് അലങ്കരിക്കലാണ് ഇപ്പോഴത്തെ രീതി. വീടുകൾ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ അലങ്കാരങ്ങൾക്ക് മോടി കൂട്ടാൻ പുൽക്കൂടുമായി അറുമുഖനും അക്ഷരനഗരിയിലെത്തി. പൊള്ളാച്ചി സ്വദേശിയായ അറുമുഖൻ കഴിഞ്ഞ നാല് വർഷമായി ഡിസംബറിൽ കോട്ടയത്തെ സ്ഥിര സാന്നിധ്യമാണ്.
നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപമാണ് അറുമുഖന്റെ പതിവ് കച്ചവട സ്ഥലം. മുളയും പുല്ലും ഉപയോഗിച്ചാണ് നിർമാണം. നിലവിൽ ഇവർ താമസിക്കുന്ന പാലക്കാട് നിന്നാണ് പുൽക്കൂടിന് ആവശ്യമായ വസ്തുക്കൾ കൊണ്ടുവരുന്നത്. 250 മുതൽ 600 രൂപ വരെയുള്ള പുൽക്കൂടുകൾ ഇവിടെ ലഭ്യമാണ്. കഴിഞ്ഞ തവണ മഴയായത് കൊണ്ട് കച്ചവടത്തിൽ ചെറിയ പ്രയാസം അനുഭവപ്പെട്ടിരുന്നെങ്കിലും ഇത്തവണ അത് മാറുമെന്നാണ് പ്രതീക്ഷ. സഹായത്തിന് ഭാര്യ വിമലയും മകൻ ശരവണനുമുണ്ട്. ചെറിയ കുടിൽ കെട്ടി വിപണന കേന്ദ്രത്തിന് അരികിലാണ് ഇവരുടെ താമസം. അതുകൊണ്ട് ഏത് സമയത്ത് ഇവിടെ വന്നാലും പുൽക്കൂട് ലഭ്യമാണെന്ന് അറുമുഖൻ പറയുന്നു. പാരമ്പര്യമായി നെയ്‌ത്തു ജോലിക്കാരാണ് അറുമുഖന്റെ കുടുംബം. നവംബർ ആകുന്നതോടെ ഇവർ പുൽക്കൂട് നിർമാണത്തിലേക്ക് കടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..