27 December Friday
വീട്‌ നിർമിച്ചു നൽകി

അനിൽകുമാറിന്‌ ‘പൗർണമി’യായി റിട്ട. ദമ്പതികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024
വാഴൂർ
‘പൗർണമി’യുടെ നിലാവെളിച്ചം അനിൽകുമാറിന്റെ ജീവിതത്തിൽ നിറച്ച സന്തോഷത്തിലാണ്‌ ടിപി പുരം പൗർണമിയിൽ റിട്ട. ട്രഷറി ഓഫീസർ  കെ എൻ രാമകൃഷ്ണൻ നായരും ഭാര്യ റിട്ട. അധ്യാപിക  സി ആർ കാർത്ത്യായനിയമ്മയും.  
പക്ഷാഘാതം പിടിപെട്ട വാഴൂർ വട്ടക്കാവുങ്കൽ അനിൽകുമാറിനും കുടുംബത്തിനും വീട് നിർമിച്ച് നൽകിയാണ്‌ ദമ്പതികൾ തങ്ങളുടെ അറുപതാം  വിവാഹ വാർഷികം മഹനീയമാക്കിയത്‌. അനിൽകുമാറിന്റെ കുടുംബ വസ്തു രേഖകൾ കൃത്യമാകാത്തതിനാൽ ഭവന പദ്ധതികളുടെ ആനുകൂല്യം ലഭിച്ചില്ല. ഇതോടെ വീട് നിർമിക്കുകയെന്ന സത്പ്രവർത്തി ദമ്പതികൾ ഏറ്റെടുത്തു. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി പി റെജി, റിട്ട. എൻജിനിയർ സഹദേവൻ എന്നിവരുടെ മേൽനോട്ടത്തിൽ വീട് നിർമാണം ആരംഭിച്ചു. നിർമാണ തൊഴിലാളി യൂണിയൻ പ്രവർത്തകരാണ് പഴയ വീട് പൊളിച്ചു നൽകിയത്. ഇലക്ട്രിക്കൽ, പെയിന്റിങ്‌ ജോലികൾ സുനിൽകുമാറും കണ്ണനും സൗജന്യമായി ചെയ്തു.  ആറരലക്ഷത്തിലധികം രൂപയാണ്  നിർമാണച്ചെലവ്. തയ്യൽജോലി ചെയ്തിരുന്ന അനിൽകുമാർ രോഗിയായതോടെ ജോലിക്ക് പോകാതെയായി.  അങ്കണവാടി ജീവനക്കാരിയായ ഭാര്യ ഉഷാദേവിയുടെ വരുമാനം മാത്രമാണ്‌ മൂന്ന്‌ കുട്ടികളടങ്ങുന്ന കുടുബത്തിന്റെ ഏക ആശ്രയം. ഗൃഹപ്രവേശന ചടങ്ങിൽ  പഞ്ചായത്ത് പ്രസിഡന്റ്‌ വി പി റെജി, വൈസ് പ്രസിഡന്റ്‌ ഡി സേതുലക്ഷ്മി, പഞ്ചായത്തംഗങ്ങളായ ശ്രീകാന്ത് പി തങ്കച്ചൻ, ജിബി പൊടിപാറ, എസ് അജിത്കുമാർ, പെൻഷനേഴ്സ് യൂണിയൻ നേതാക്കളായ പി കെ കുരുവിള, ജോസ് പന്തനാനിയിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top