കടുത്തുരുത്തി
‘‘ നൂറ്റിപ്പതിനാലോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അവാർഡ് കിട്ടുന്നത്. അത് മലയാളത്തിൽ നിന്നായതിൽ ഏറെ സന്തോഷം. ആടുജീവിതത്തിൽ നജീബിന്റെ ജീവിതം കാണിക്കുന്ന രംഗങ്ങളിൽ ഇമോഷൻസിന് പ്രാധാന്യം കൊടുക്കുന്ന എല്ലാശബ്ദവും മിക്സ് ചെയ്യാനാണ് സംവിധായകൻ ബ്ലസി നിർദ്ദേശിച്ചത്. ’’–- ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സന്തോഷത്തിലാണ് ശരത് മോഹൻ.
മികച്ച ശബ്ദമിശ്രണത്തിനുള്ള അവാർഡ്നേടി കല്ലറ ഗ്രാമത്തിന്റെ യശസുയർത്തിയ ശരതിന് ആശംസപ്രവാഹമാണ്. ബ്ലസി സംവിധാനംചെയ്ത ആടുജീവിതം സിനിമയുടെ ശബ്ദമിശ്രണത്തിനാണ് ശരത് മോഹന്(കണ്ണൻ) അവാർഡ്.
ചെറുപ്പം മുതൽ പാട്ട് പഠിച്ചിരുന്ന ശരത് കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി പഠനകാലത്ത് കർണാടക സംഗീതം പഠിക്കാൻ സംഗീത സംവിധായകൻ ജയ്സൺ ജെ നായരുടെ അടുത്തെത്തിയതാണ് വഴിത്തിരിവായത്. അദ്ദേഹം പറഞ്ഞതനുസരിച്ച് തൃശൂർ ചേതന സ്റ്റുഡിയോയിൽ 2008 ൽ ശബ്ദമിശ്രണ കോഴ്സിന് ചേരുകയായിരുന്നു. 2010 മുതൽ മുംബൈ കേന്ദ്രീകരിച്ച് സിനിമമേഖലയിൽ പ്രവർത്തിക്കുന്നു. ദേശീയ പുരസ്കാര ജേതാക്കളായ സിനോയ് ജോസഫ്, ജസ്റ്റിൻ ജോസഫ് എന്നിവരോടൊപ്പവും ജോലി ചെയ്തു. എസ് എസ് രാജമൗലിയുടെ ബാഹുബലിയിൽ അസോസിയേറ്റ് മിക്സ് എൻജിനിയറായി. എ ആർ റഹ്മാനോടെപ്പം മോഹൻ ജദാരേ, സച്ചിൻ എന്നീ സിനിമകളിൽ അസോസിയേറ്റ് ആയും പ്രവർത്തിച്ചു. റസൂൽ പൂക്കുട്ടിയോടൊപ്പം ആടുജീവിതമുൾപ്പടെ മൂന്ന് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
‘‘പെരിയോനെ എന്ന ഗാനം മരുഭൂമിയിലെ അകലങ്ങളിൽ നിന്ന് നജീബ് കേൾക്കുന്നതായി മിക്സ് ചെയ്യണമെന്ന് ബ്ലസി നിർദ്ദേശിച്ചു. അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല’’–- ശരത് നിറചിരിയോടെ പറഞ്ഞു. കല്ലറ കോമളവിലാസം മോഹനന്റെ ശാരദയുടെയും മകനാണ്. ചെന്നൈയിൽ ഡാറ്റാ അനലിസ്റ്റ് ആയ ശില്പയാണ് ഭാര്യ. പതിമൂന്ന് ദിവസം പ്രായമുള്ള ധ്വനി മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..