കോട്ടയം
സപ്ലൈകോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023–--24 ഒന്നാംവിള സീസണിലെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാകാൻ രണ്ടാഴ്‌ച ബാക്കി നിൽക്കെ ബഹുഭൂരിപക്ഷം കർഷകരും രജിസ്‌റ്റർ ചെയ്‌തു. തിങ്കളാഴ്‌ച വരെയുള്ള കണക്കനുസരിച്ച് 6550 കർഷകർ ജില്ലയിൽ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി. 11,526 ഏക്കർ സ്ഥലത്താണ് ഇവർ കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഒന്നാംവിള സീസണിൽ നെല്ല് സംഭരണത്തിന് 7756 കൃഷിക്കാരാണ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. ഇവർ കൃഷിചെയ്‌ത 14,838 ഏക്കർ പാടത്തെ നെല്ല് സപ്ലൈകോ സംഭരിച്ചു. രജിസ്‌ട്രേഷൻ 31ന് പൂർത്തിയാകും. സപ്ലൈകോയുടെ www.supplycopaddy.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
കൃഷിക്കാരിൽനിന്ന് നെല്ല് സംഭരിക്കുന്ന മില്ലുകളുടെ രജിസ്‌ട്രേഷനും തുടരുകയാണ്. ഇത് 30ന് പൂർത്തിയാകും. ഏതാനും മില്ലുകൾ കരാർ ഒപ്പിട്ടു. കഴിഞ്ഞ തവണ 60 മില്ലുകളാണ് നെല്ല് സംഭരിച്ചത്. മില്ലുകൾ സംഭരിക്കുന്ന നെല്ല് നിർദ്ദിഷ്‌ട മാനദണ്ഡം പാലിച്ച് അരിയാക്കി നിറച്ച് തിരികെ ഏൽപ്പിക്കുന്നതിന് ചാക്കിന് 202 രൂപയാണ് മില്ലുകൾക്ക് നൽകുന്നത്. ഏത് പാടശേഖരത്തിൽനിന്നുള്ള നെല്ലാണ് സംഭരിക്കേണ്ടത് എന്നതടക്കമുള്ള കാര്യങ്ങൾ സപ്ലൈകോയാണ് നിശ്‌ചയിക്കുന്നത്.
കഴിഞ്ഞ സീസണിൽ ജില്ലയിൽനിന്ന് സംഭരിച്ച നെല്ലിന്റെ വില ഏതാണ്ട് പൂർണമായും കൊടുത്തു തീർത്തു. മരിച്ചുപോയവരും സ്ഥലത്തില്ലാത്തവരുമായ ഏതാനും പേരുടെ പണം മാത്രമേ ഇനി കൈമാറാനുള്ളൂ എന്ന് അധികൃതർ അറിയിച്ചു. ഇതും നൽകാനുള്ള നടപടി പൂർത്തിയായി വരികയാണ്. വരും കാലങ്ങളിൽ സംഭരിക്കുന്ന നെല്ലിന്റെ വില സമയ ബന്ധിതമായിത്തന്നെ വിതരണം ചെയ്യാനുള്ള നടപടി സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..