26 December Thursday
മഴ: 15 കോടിയുടെ നഷ്‌ടം

കണ്ണീരണിഞ്ഞ് കർഷകർ

സ്വന്തംലേഖകൻUpdated: Tuesday Oct 17, 2023
 
കോട്ടയം 
സാധാരണയിൽ കുറഞ്ഞ മഴ ലഭിച്ച്‌ കാലവർഷം കടന്നുപോയെങ്കിലും കർഷകർക്ക്‌ കണ്ണീരുതന്നെ. ജൂൺ ഒന്നുമുതൽ ഒക്‌ടോബർ 12 വരെയുള്ള കണക്ക്‌  പ്രകാരം 15.72 കോടി രൂപയുടെ നഷ്‌ടമാണ്‌ ജില്ലയിലെ കാർഷിക മേഖലയിലുണ്ടായത്‌. മഴ ശക്തമായ ഒക്‌ടോബറിൽ മാത്രം 74.39 ലക്ഷം രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കിയത്‌. 5457 കർഷകരെ മഴ സാരമായി ബാധിച്ചു. വാഴ കർഷകർക്കും നെൽകർഷകർക്കുമാണ്‌ കൂടുതൽ നഷ്‌ടമുണ്ടായത്‌. 2707 കർഷകരുടെ ഒന്നര ലക്ഷത്തിലധികം വിളവെടുക്കാനായതും അല്ലാത്തതുമായ വാഴകളാണ്‌ നശിച്ചത്‌. ഇതിലൂടെ 8.9 കോടി രൂപയുടെ നഷ്‌ടവുമുണ്ടായി.
438 ഹെക്‌ടറിലെ നെല്ലും  മഴയിൽ നശിച്ചു. നെൽകർഷകർക്ക്‌ മാത്രം ആകെ ഏഴ്‌ കോടി രൂപയുടെ നഷ്‌ടം. കാലവർഷത്തിന്റെ തുടക്കത്തിൽ മഴയുടെ കുറവ്‌ നെൽകർഷകർക്ക്‌ വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു. 
     വളർന്ന്‌ വരുന്ന നെല്ലുകൾ ഉണങ്ങുന്ന സാഹചര്യവുമുണ്ടായി. ചാലുകളിൽ നിന്നുൾപ്പെടെ വെള്ളം പമ്പ്‌ ചെയ്താണ്‌ നെല്ല്‌ സംരക്ഷിച്ചത്‌. 
   ഓണത്തിന്‌ പിന്നാലെ മഴ ലഭിച്ചതോടെയാണ്‌ പ്രയാസത്തിന്‌ പരിഹാരമായത്‌. എന്നാൽ കാലവർഷത്തിൽ ആകെ കിട്ടേണ്ട മഴയിൽ കുറവുണ്ടാവുകയും ചെറിയ സമയത്തിൽ  വലിയ അളവിൽ മഴ ലഭിക്കുകയും ചെയ്യുന്നത്‌ കർഷകർക്ക്‌ വെല്ലുവിളി ആകുകയാണെന്ന്‌ കുമരകം പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രം അസി. പ്രൊഫ. ഡോ. കെ അജിത്‌ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top