22 December Sunday

സ്വപ്‍നം പൂവണിയും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

 കോട്ടയം

സ്വന്തം മണ്ണെന്നുള്ള മലയോരവാസികളുടെ സ്വപ്‌നം വേഗം പൂവണിയുന്നു. എരുമേലി വടക്ക്‌, എരുമേലി തെക്ക്‌, കോരുത്തോട്‌ വില്ലേജുകളിലെ 10,000 പേർക്ക്‌ പട്ടയം നൽകുന്നതിനായി മുണ്ടക്കയത്ത്‌ അനുവദിച്ച സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ്‌ വ്യാഴാഴ്‌ച നാടിന്‌ സമർപ്പിക്കും. മുണ്ടക്കയം പുത്തൻചന്തയിലെ റവന്യുടവറിൽ പ്രവർത്തിക്കുന്ന ഓഫീസ്‌ മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനാകും. 
   എരുമേലി, കോരുത്തോട്‌ പഞ്ചായത്തിലെ പതിനായിരത്തോളം ആളുകൾക്കാണ് നൂറുദിന കർമ പരിപാടിയിലുൾപ്പെടുത്തി പട്ടയം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായാണ്‌ മലയോര ജനതയുടെ സ്വപ്‌നം യാഥാർഥ്യമാവുന്നത്‌. ഹിൽമെൻ സെറ്റിൽമെന്റ്‌ പട്ടയമാണ്‌ വിതരണംചെയ്യുക.  ഇതിനായി തഹസിൽദാർ ഉൾപ്പെടെ പതിനേഴോളം തസ്‌തികകൾ പുതുതായി സൃഷ്‌ടിച്ചു. 
പുഞ്ചവയൽ, മുരിക്കുംവയൽ, കോസടി, പുലിക്കുന്ന്‌ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ്‌ സർക്കാർ യാഥാർഥ്യമാക്കുന്നത്‌. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശ്രമഫലമായാണ്‌ പദ്ധതിക്ക്‌ വേഗംവച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അംഗവുമായ വനം–-വന്യജീവി ബോർഡിന്റെ ഇടപെടലിലൂടെ  ജനവാസമേഖലയായ എയ്‌ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളിലെ പെരിയാർ കടുവാ സങ്കേതത്തിന്റെ  ഭാഗമായ വനഭൂമി റവന്യൂ ഭൂമിയാക്കി തരംമാറ്റിയിരുന്നു. ആയിരത്തിയഞ്ഞൂറോളം കർഷകർക്കാണ്‌ ഇതിന്റെ ഗുണഫലമുണ്ടായത്‌. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള മുന്നൂറോളം പേർക്ക്‌ വ്യാഴാഴ്‌ച മന്ത്രി കെ രാജൻ പട്ടയം നൽകും. 90 ശതമാനം പട്ടയങ്ങളും പൂഞ്ഞാർ മണ്ഡലത്തിലാണ്‌. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്‌ 1028 പട്ടയങ്ങളാണ്‌ ജില്ലയിൽ വിതരണംചെയ്‌തത്‌. രണ്ടാം പിണറായി വിജയൻ സർക്കാർ ചുമതലയേറ്റശേഷം കഴിഞ്ഞവർഷം വരെ 378 പട്ടയങ്ങളും ജില്ലയിൽ നൽകി 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top