22 December Sunday

ആവേശത്തുടക്കം 
തർക്കത്തിൽ കലാശം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

ഹീറ്റ്‌സ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കുമരകം ടൗൺ ബോട്ട് ക്ലബ് ട്രാക്കിന് കുറുകെ വള്ളം ഇട്ട് പ്രതിഷേധിച്ചപ്പോൾ ഫോട്ടോ: മനു വിശ്വനാഥ്

കോട്ടയം
താഴത്തങ്ങാടിയിൽ ജലരാജാവിനെ കാത്തിരുന്നവർ നിരാശരായി. ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗിന്റെ ആദ്യ മത്സരമായി നടത്തിയ ജലമേള ഫൈനൽ നടത്താനാകാതെ അവസാനിപ്പിച്ചു. ഒമ്പത്‌ ചുണ്ടൻവള്ളങ്ങളും 11 ചെറുവള്ളങ്ങളും അണിനിരന്ന ജലോത്സവം ആവേശം വിതറിയാണ്‌ തുടങ്ങിയതെങ്കിലും തർക്കം മൂലം ഒറ്റ ഫൈനൽ പോലും നടത്താനായില്ല. 
കുമരകം ടൗൺ ബോട്ട്‌ ക്ലബ്‌ പങ്കെടുത്ത ഹീറ്റ്‌സിനിടെ മഴ പെയ്‌തു. എങ്കിലും ഹീറ്റ്‌സിൽ ക്ലബ്‌ ജേതാക്കളായി. ശേഷിക്കുന്ന ഹീറ്റ്‌സ്‌ മഴ മാറിയ ശേഷം നടത്തി. ഹീറ്റ്‌സ്‌ എല്ലാം പൂർത്തിയായപ്പോൾ, സമയമികവിന്റെ അടിസ്ഥാനത്തിൽ ഫൈനലിലേക്ക്‌ യോഗ്യത നേടിയവരിൽ ടൗൺ ബോട്ട്‌ ക്ലബ്‌ ഉണ്ടായിരുന്നില്ല. 
  മഴ പെയ്‌തത്‌ പ്രകടനത്തെ ബാധിച്ചെന്നും തങ്ങളുടെ ഹീറ്റ്‌സ്‌ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട്‌ ടൗൺ ബോട്ട്‌ ക്ലബ്‌ സംഘാടകർക്ക്‌ പരാതി നൽകി. എന്നാൽ ഈ ആവശ്യം സംഘാടകർ അംഗീകരിച്ചില്ല. തുടർന്ന്‌ ഏറെ നേരം വാക്കുതർക്കം നടന്നു. വള്ളം നദിക്ക്‌ കുറുകെയിട്ട്‌ ക്ലബ്‌ പ്രതിഷേധിച്ചു. 
  ഇതിനിടെ, ഫിനിഷിങ്‌ പോയിന്റ്‌ മാർക്ക്‌ ചെയ്യാൻ വെച്ചിരുന്ന കൊടികൾ ആരോ എടുത്തുമാറ്റി. ഇരുട്ടും വീണുതുടങ്ങിയതോടെ സംഘാടകർ ചെറുവള്ളങ്ങളുടെയടക്കം ഫൈനൽ റദ്ദാക്കുകയായിരുന്നു. മില്ലിസെക്കന്റുകൾ പോലും വിജയിയെ നിഞ്ചയിക്കുന്ന മത്സരത്തിൽ മഴയും കാറ്റുമുള്ളപ്പോൾ തുഴയുന്നത്‌ പ്രകടനത്തെ ബാധിക്കുമെന്ന്‌ ക്ലബ്‌ ഭാരവാഹികൾ പറഞ്ഞു.
   ടൂർണമെന്റ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, കലക്ടർ ജോൺ വി സാമുവൽ, അഡീഷണൽ ഡയറക്ടർ(ജനറൽ) പി വിഷ്ണുരാജ്, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്‌റ്റ്യൻ, തിരുവാർപ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജയൻ കെ മേനോൻ, കോട്ടയം വെസ്‌റ്റ്‌ ക്ലബ്‌ പ്രസിഡന്റ്‌ കെ ജി കുര്യച്ചൻ, സെക്രട്ടറി അനീഷ് കുമാർ, ഏറ്റുമാനൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആര്യ രാജൻ, അഡ്വ. വി ബി ബിനു, ക്ലബ്‌ കോ ഓർഡിനേറ്റർമാരായ സുനിൽ ഏബ്രഹാം, ലിയോ മാത്യു, എൻ കെ ഷഫീക്, വാർഡംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
   മത്സരത്തിനു മുമ്പ്‌ വാട്ടർ സ്‌പോർട്‌സ്‌ പ്രദർശനവും വർണശബളമായ മാസ്‌ ഡ്രില്ലും നടന്നു. വിദേശ ടൂറിസ്‌റ്റുകളടക്കം മത്സരം കാണാനെത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top