കോട്ടയം
നെടുമണ്ണി പാലത്തിന് സമീപം വെള്ളക്കെട്ടിനും കൃഷിനാശത്തിനും ഇടയാക്കുന്ന തടയണയിലെ എക്കലും ചെളിയും മാലിന്യങ്ങളും നീക്കി ഒഴുക്ക് സുഗമമാക്കാനും വെള്ളക്കെട്ട് പരിഹരിക്കാനും ചങ്ങനാശേരി താലൂക്ക് അദാലത്തിൽ നടപടി. തടയണയിലെ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കാൻ 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മുൻ അധ്യാപകനും കൃഷിക്കാരനുമായ ബിജു ജോസഫ് കോഴിമണ്ണിലാണ് പരാതി നൽകിയത്. നെടുമണ്ണി തോട്ടിലെ തടയണ കാരണം കറുകച്ചാൽ മണിമല റോഡിലെ നെടുമണ്ണി ഭാഗത്തും കോവേലി കങ്ങഴ റോഡിലെ മരുതൂർ പടി മുതൽ ആര്യാട്ടുകുഴി വരെയുള്ള ഭാഗത്തും ഒരു മഴ പെയ്താലുടൻ വെള്ളക്കെട്ടുണ്ടായി ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നാണ് പരാതി. നെടുംകുന്നം പഞ്ചായത്തിലെ 7, 9 വാർഡുകളിലെ കർഷകരെ ബാധിക്കുന്ന പ്രശ്നത്തിന് കാരണം അശാസ്ത്രീയമായ തടയണ നിർമാണമാണെന്നും ഇതിന് പരിഹാരം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എക്കലും ചെളിയും മാറ്റി പ്രശ്നം പരിഹരിക്കാനാകുമോ എന്നു പരിശോധിക്കാൻ മന്ത്രി നിർദേശിച്ചു. ഇതിലൂടെ പരിഹാരം ഉണ്ടായില്ലെങ്കിൽ തടയണയുടെ നിർമാണം സംബന്ധിച്ച് പഠനം നടത്താനും പുതിയ നിർമിതി ആവശ്യമാണോ എന്നത് പരിശോധിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..