കുമരകം
വള്ളംകളിയുടെ സീസൺ ഇങ്ങെത്താറായി. പരിശീലനത്തിനും മത്സരത്തിൽ പങ്കെടുക്കാനും മറ്റും ചെലവ് ചില്ലറയല്ല. അതുകൊണ്ട് ചെലവ് കുറച്ചൊരു ബോയ ഉണ്ടാക്കിയിരിക്കുകയാണ് ജില്ലയിലെ പ്രമുഖ ക്ലബ്ബായ കുമരകം ടൗൺ ബോട്ട് ക്ലബ്. കന്നാസും പൈപ്പുകളുംകൊണ്ടാരു വള്ളം –- അതാണ് ബോയ. നെഹ്രു ട്രോഫിക്ക് തയ്യാറെടുക്കുന്ന ടൗൺ ബോട്ട് ക്ലബ് പ്രവർത്തകർ മുൻകൈയ്യെടുത്താണ് 270 കന്നാസും ഒന്നര ലക്ഷം രൂപയുടെ പൈപ്പുകളുമുപയോഗിച്ച് ബോയ നിർമിച്ചത്. തൊണ്ണൂറ് പേർക്ക് ഇതിലിരിക്കാം; അതായത് ഏതാണ്ടൊരു ചുണ്ടൻവള്ളത്തിന് തുല്യം. വരും വർഷങ്ങളിലും ബോയ ഉപയോഗിക്കാം. പരിശീലനത്തിന് വള്ളം വാടകയ്‌ക്കെടുക്കുമ്പോൾ വരുന്ന ഭീമമായ ചെലവ് കുറയ്‌ക്കാൻ ബോയ ഉപകരിക്കും. വൈകാതെ മറ്റ് ബോട്ട് ക്ലബ്ബുകളും ബോയയിലേക്ക് മാറുമെന്ന് കുമടരം ടൗൺ ബോട്ട് ക്ലബ് അംഗങ്ങൾ പറയുന്നു.
ചില്ലറയല്ല ചെലവ്
വള്ളംകളി മത്സരം തുടങ്ങുന്നതിന് 10 ദിവസം മുമ്പ് മുതലാണ് മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളത്തിൽ പരിശീലനം നടത്തുക. അതുവരെയുള്ള പരിശീലനത്തിന് ചുണ്ടൻ വാടകയ്‌ക്കെടുക്കണം. ഒരു ചുണ്ടന് എട്ട് ലക്ഷം രൂപവരെയാകും വാടക. ഈ ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തിലാണ് കുമരകം ടൗൺ ബോട്ട് ക്ലബ് ബോയ നിർമിച്ചത്. ഇതിന് ആകെ ചെലവായത് 2.30 ലക്ഷം രൂപ മാത്രം.
നെഹ്രു ട്രോഫിയിൽ നടുഭാഗം ചുണ്ടനിലാണ് ടൗൺ ബോട്ട് ക്ലബ് മത്സരിക്കുന്നത്. കുമരകം കോട്ടത്തോട്ടിലാണ് തുഴച്ചിൽ പരിശീലനം. കായികപരിശീലനം കുമരകത്ത് രണ്ട് മാസമായി നടന്നുവരുന്നു. സുനീഷ് നന്തികണ്ണന്തറയാണ് ക്യാപ്‌റ്റൻ. സി സി മോനപ്പന്റെ നേതൃത്വത്തിലാണ് പരിശീലനം.
കുമരകത്ത് ചുണ്ടന്റെ എണ്ണം കുറയും
ആഗസ്‌ത് 10ന് പുന്നമടക്കായലിലെ ഓളങ്ങളിൽ തീപാറിച്ച് നെഹ്രു ട്രോഫി വള്ളംകളി നടക്കും. കുമരകത്തെ വള്ളംകളി പ്രേമികളാകെ അന്ന് ആവേശത്തിലായിരിക്കും. എന്നാൽ ഇത്തവണ കുമരകത്തുനിന്ന് ടൗൺ ബോട്ട് ക്ലബ്ബും കുമരകം ബോട്ട് ക്ലബ്ബും മാത്രമേ മത്സരിക്കാനിടയുള്ളൂ. ഏറിവരുന്ന ചെലവ് തന്നെ വില്ലൻ. കഴിഞ്ഞതവണ പങ്കെടുത്തത് അഞ്ച് ചുണ്ടനാണ്.
ആഴ്‌ചകൾ നീളുന്ന പരിശീലനം ചെലവേറിയതാണ്. ഒരു വള്ളത്തിൽ 120 തുഴച്ചിലുകാർ; അവർക്ക് ദിവസം കുറഞ്ഞത് ആയിരം രൂപ കൊടുക്കണം. ദിവസം ഭക്ഷണചെലവ് തന്നെ 50,000 രൂപക്ക് മുകളിലാകും. മൊത്തത്തിൽ, ഒരു ചുണ്ടൻവള്ളം മത്സരത്തിനിറക്കുമ്പോൾ ക്ലബ്ബിന് ചെലവ് 60 ലക്ഷത്തോളം രൂപയാണ്. വള്ളംസമിതിയുടെയും സ്‌പോൺസർമാരുടെയുമെല്ലാം സഹായംകൊണ്ടാണ് മിക്ക ചുണ്ടന്മാരും മത്സരത്തിനെത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..