08 November Friday

മടങ്ങാം ജീവിത ലഹരിയിലേക്ക്‌

ജിതിൻ ബാബുUpdated: Sunday Aug 18, 2024
കോട്ടയം
‘ഒന്നിച്ച്‌ പഠിച്ച്‌, ഒരുമിച്ച്‌ സ്വപ്‌നങ്ങൾ കണ്ടതാണ്‌ ഞങ്ങൾ. എല്ലാവർക്കും ഉന്നതപഠനത്തിന്‌ അവസരം ലഭിച്ചപ്പോൾ പരാജയം എനിക്ക്‌ സഹിക്കാനായില്ല. ആ പ്രയാസങ്ങളെ മറികടക്കാനാണ്‌ ലഹരി ഉപയോഗിച്ച്‌ തുടങ്ങിയത്‌’–- കൗൺസിലിങ്ങിന്‌ എത്തിയ വിദ്യാർഥി എക്‌സൈസ്‌ ഉദ്യോഗസ്ഥനുമായി പങ്കുവച്ച വാക്കുകളാണിത്‌. പുതിയ കാലത്ത്‌ ലഹരിയുടെ ഉപയോഗത്തിലുണ്ടാകുന്ന വർധന നാടിന്റെ പ്രതീക്ഷകൾ തകർക്കുകയാണ്‌. സമീപ കാലങ്ങളിൽ ലഹരി കേസുകൾ കൂടി വരുന്നതും ഭീതിപ്പെടുത്തുന്നു. ജില്ലയിലെ അവസ്ഥയും ഒട്ടും വ്യത്യസ്ഥമല്ല. 
ഏഴ്‌ മാസം, 3735 
കേസുകൾ 
2024 ജനുവരി ഒന്ന്‌ മുതലുള്ള ഏഴ്‌ മാസത്തെ കണക്ക്‌ പ്രകാരം വിവിധ വകുപ്പുകളിലായി 3735 കേസുകളാണ്‌ എക്‌സൈസ്‌ ജില്ലയിൽ രജിസ്റ്റർ ചെയ്തത്‌. എൻഡിപിഎസ്‌ (മയക്കുമരുന്ന്‌) കേസുകൾ മാത്രം 420 എണ്ണമുണ്ട്‌. 2023ൽ ആകെ 810 കേസുകളാണ്‌ ജില്ലയിൽ രജിസ്റ്റർ ചെയ്തത്‌. 689 അബ്‌കാരി കേസുകളും 2626 കോട്‌പ (പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടവ) കേസുകളും ജൂൺ 30 വരെ രജിസ്റ്റർ ചെയ്തു. 2023ൽ ഇത്‌ യഥാക്രമം 1566, 7049 എന്നിങ്ങനെയായിരുന്നു. എൻഡിപിഎസിൽ 421 പേരെയും അബ്‌കാരി കേസിൽ 687 പേരെയും അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. 
സഞ്ചാരികളായും 
അവരെത്തും 
സംസ്ഥാനത്തെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കുമരകത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ജില്ലയിൽ ലഹരി വിൽപ്പന സജീവമാണ്‌. സഞ്ചാരികളെന്ന വ്യാജേന ഇവിടെ എത്തി റിസോർട്ടുകളിൽ താമസിച്ചാണ്‌ വിൽപ്പന. രണ്ട്‌ മാസം മുമ്പ്‌ ഇതിലെ പ്രധാന കണ്ണികളായ രണ്ട്‌ പേരെ എക്സൈസ്‌ സംഘം പിടികൂടിയിരുന്നു. കുമരകത്ത്‌ എത്തുന്ന സഞ്ചാരികളെയല്ല ഇവർ ലക്ഷ്യം വയ്‌ക്കുന്നത്‌. സമീപപ്രദേശങ്ങളിലേക്കുള്ള വിതരണത്തിന്‌ സുരക്ഷിതമായ ഇടം എന്ന രീതിയിലാണ്‌ ഇവർ കുമരകത്തെ ഉപയോഗിക്കുന്നത്‌. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യംവച്ചുള്ള ലഹരി മാഫിയയ്‌ക്കെതിരെ കർശന നിരീക്ഷണം ജില്ലയിൽ സജീവമാണ്‌.
നാളെ 
(ലഹരിയുടെ പുതുവഴികൾ)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top