03 November Sunday

വീണ്ടും രാജ്യാന്തര 
സമ്മേളന വേദിയായി കുമരകം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024
കോട്ടയം
കുമരകം കായലോരം ഒരിക്കൽകൂടി രാജ്യാന്തര സമ്മേളനത്തിന്‌ വേദിയായി. കോമൺവെൽത്ത്‌ ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ (സിഎൽഇഎ) സംഘടിപ്പിക്കുന്ന നിയമ സമ്മേളനമാണ്‌ കുമരകത്ത്‌ നടക്കുന്നത്‌. കഴിഞ്ഞവർഷം മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ജി 20 ഷെർപ്പ യോഗവും പ്രവർത്തകസമിതി യോഗവും കുമരകത്ത്‌ നടന്നിരുന്നു. ഒരിടവേളയ്‌ക്ക്‌ ശേഷം വിവിധ രാഷ്‌ട്രങ്ങളിൽനിന്നുള്ള പ്രതിനിധികൾ വീണ്ടും കുമരകത്ത്‌ എത്തി. 
 കുമരകം കെടിഡിസി വാട്ടർസ്‌കേപ്പ്‌സ്‌ റിസോർട്ടിലും ഗോകുലം ഗ്രാൻഡ്‌ റിസോർട്ടിലുമായാണ്‌ നിയമസമ്മേളനം നടക്കുന്നത്‌. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും നിയമരംഗത്തെ നിരവധി പ്രമുഖർ കുമരകത്തെത്തി. ഇതിൽ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും സുപ്രീംകോടതി ജഡ്‌ജിമാരടക്കം ഉണ്ട്‌. ശനിയാഴ്‌ച ഉദ്‌ഘാടന സമ്മേളനത്തിൽ സംസാരിച്ച ജഡ്‌ജിമാർ കുമരകത്തിന്റെ സുന്ദരമായ അന്തരീക്ഷത്തെ പ്രകീർത്തിച്ചു. ജി 20 യോഗത്തിൽ പങ്കെടുത്തവരും കുമരകത്തെ പ്രശംസിച്ചായിരുന്നു മടങ്ങിയത്‌.   കെടിഡിസി വാട്ടർസ്‌കേപ്പ്‌സ്‌ റിസോർട്ടിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ ഒരുക്കിയ ഹാളിലാണ്‌ സമ്മേളനങ്ങൾ നടക്കുന്നത്‌. മുള ഉപയോഗിച്ച്‌ അലങ്കരിച്ച ഹാൾ വിദേശികളെയടക്കം ഏറെ ആകർഷിക്കുന്നുണ്ട്‌. ജി 20 സമ്മേളനങ്ങളുടെ വിജയം കുമരകത്തിന്‌ അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടിക്കൊടുത്തതാണ്‌ മറ്റൊരു രാജ്യാന്തര സമ്മേളനം ഇവിടെ വിരുന്നെത്താൻ കാരണമായത്‌.   ഞായർ രാവിലെ 9.30ന്‌ ഗോകുലം ഗ്രാൻഡിൽ ഇക്കോ–-ടൂറിസം, ട്രാൻസ്‌പോർട്ടേഷൻ മേഖലകളിലെ സഹകരണം എന്ന വിഷയത്തിലും 11.30ന്‌ നീതിനിർവഹണ മേഖലയെ ശക്തിപ്പെടുത്തൽ എന്ന വിഷയത്തിലും സെഷനുകൾ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top