26 December Thursday
പേടിപ്പിക്കും തീനാളങ്ങൾ

വിദ്യാർഥികളുമായി പോയ 
സ്‌കൂൾ ബസിന്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023
വാകത്താനം
സ്‌കൂൾ വിദ്യാർഥികളുമായി പോയ ബസിന്‌ തീപിടിച്ചത്‌ പരിഭ്രാന്തി പരത്തി. വാകത്താനം ജറുസലേം മൗണ്ട്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസിനാണ്‌ തീപിടിച്ചത്‌. ചൊവ്വ രാവിലെ 8.45ഓടെയാണ്‌ സംഭവം. നാട്ടുകാരുടെയും ഡ്രൈവർ എ കെ സരുണിന്റെ സമയോചിത ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. 
കുട്ടികളെ കയറ്റി സ്‌കൂളിലേക്ക്‌ എത്തുന്നതിന്‌ തൊട്ടുമുമ്പായിരുന്നു അപകടം. ബസിന്റെ മുൻഭാഗത്ത്‌ നിന്ന്‌ പുക ഉയരുന്നത്‌ കണ്ട്‌ ഡ്രൈവർ ഉടൻ കുട്ടികളെ പുറത്തിറക്കുകയായിരുന്നു. തുടർന്ന്‌ നാട്ടുകാരുടെ സഹായത്തോടെ ബസിലുണ്ടായിരുന്ന എക്‌സിറ്റിംഗൂഷർ ഉപയോഗിച്ച്‌ തീയണച്ചതിനാൽ അപകടം ഒഴിവായി. 
30 കുട്ടികളാണ്‌ അപകട സമയത്ത്‌ ബസിൽ ഉണ്ടായിരുന്നത്‌. ആർക്കും പരിക്കില്ല. വാകത്താനം പൊലീസും ചങ്ങനാശേരിയിൽനിന്ന്‌ അഗ്നിശമനസേനയും സ്ഥലത്തെത്തി. ബാറ്ററിയിൽനിന്ന്‌ ഷോർട് സർക്യൂട്ട്‌ ഉണ്ടായതാണ്‌ തീപിടിക്കാൻ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. 
ഓട്ടത്തിനിടെ ഒമ്‌നി വാനിന്‌ തീപിടിച്ചു
പുതുപ്പള്ളി
കോഴിമലയിൽ ഓട്ടത്തിനിടയിൽ ഒമ്‌നി വാനിന്‌ തീപിടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വ പകൽ 11 നായിരുന്നു അപകടം. പുതുപ്പള്ളി പാറപ്പുറം ബിജു തോമസിന്റെ ഉടമസ്ഥതയിലുള്ള വാനാണ് അപകടത്തിൽപ്പെട്ടത്. ഏഷ്യാനെറ്റ് കേബിൾ ടിവി ഫ്രാഞ്ചൈസി ഉടമയായ ബിജു ജോലി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാനാണിത്. പെട്രോൾ ചോർച്ച ഉണ്ടായതിനെ തുടർന്ന് വർക്ക് ഷോപ്പിലേക്ക് പോകുന്നതിനിടെയാണ്‌ അപകടം. സ്ഥാപനത്തിലെ ജീവനക്കാരായ പ്രദീപ്‌, അലക്സ്‌ പോൾ, ജിതിൻ എന്നിവരാണ്‌ ഈ സമയം വാഹനത്തിലുണ്ടായിരുന്നത്‌.  
വർക്‌ ഷോപ്പിലേക്ക്‌ എത്തുന്നതിന്‌ തൊട്ടുമുമ്പ്‌ വാഹനത്തിൽനിന്ന്‌ പുക ഉയരുന്നത്‌ കണ്ട ഇവർ ഉടൻ പുറത്തേക്ക്‌ ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വർക്‌ഷോപ്പിലെ ജീവനക്കാർ എക്‌സിറ്റിംഗൂഷർ ഉപയോഗിച്ച്‌ തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്‌ കോട്ടയത്ത്‌ നിന്ന്‌ അഗ്നിശമന സേനയെത്തിയാണ്‌ തീയണച്ചത്‌. യാത്രക്കാർക്ക്‌ ആർക്കും പരിക്കില്ല. വാഹനം പൂർണമായും നശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top