പാലാ
കെ എം മാണി മെമോറിയൽ ജനറൽ ആശുപത്രിയോടനുബന്ധിച്ച് പുതുതായി സ്ഥാപിക്കുന്ന കാൻസർ പരിശോധനാ കേന്ദ്രത്തിൽ റേഡിയേഷൻ ഓങ്കോളജി ബ്ലോക്ക് നിർമാണത്തിനായി ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 2.45 കോടി രൂപ അനുവദിച്ചു. ലോക കാൻസർ ദിന സന്ദേശമായ ‘ക്ലോസ് ദ കെയർ ഗ്യാപ്പ്’ എന്ന തീമിനെ അടിസ്ഥാനമാക്കി വീകേന്ദ്രീകൃത കാൻസർ ചികിത്സയുടെ ഭാഗമായാണ് പാലാ ജനറൽ ആശുപത്രിയിൽ റേഡിയേഷൻ ഓങ്കോളജി സൗകര്യം ഒരുക്കുന്നത്. പാലാ ആശുപത്രിയിൽ കൂടുതൽ മെച്ചപ്പെട്ട കാൻസർ ചികിത്സാ സൗകര്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കൊബാൾട്ട് ടെലിതെറാപ്പി യൂണിറ്റ്, റേഡിയേഷൻ തെറാപ്പി പ്ലാനിങ് റൂം, മൗൾഡ് റൂം, ഒപി കാത്തിരിപ്പ് കേന്ദ്രം എന്നിവ ഉൾപ്പെടുന്നതാണ് ആദ്യഘട്ടം. കൂടാതെ റേഡിയോ തെറാപ്പി സിമുലേറ്റർ, ബ്രാക്കി തെറാപ്പി യൂണിറ്റ്, ബ്രാക്കി തെറാപ്പി മൈനർ ഓപറേഷൻ തിയറ്റർ എന്നീ സൗകര്യങ്ങൾകൂടി ഭാവിയിൽ ഉൾക്കൊള്ളുന്ന വിധത്തിലാകും കെട്ടിട നിർമാണം. ആകെ 6.18 കോടി രൂപയുടെ ധനസഹായം ലഭിച്ച പദ്ധതി ജില്ലയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർക്കായി സമഗ്രമായ കാൻസർ പരിചരണം നൽകുന്നതാണ്. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ കേന്ദ്ര ആറ്റോമിക് എനർജി വിഭാഗം ആധുനിക റേഡിയേഷൻ സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച അഞ്ച് കോടി രൂപയുടെ ഗ്രാന്റും ലഭ്യമാക്കും.
പാലാ ആശുപത്രിയിൽ റേഡിയേഷൻ അടക്കമുള്ള ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിലെ തടസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജോസ് കെ മാണി വിഷയത്തിൽ ഇടപെട്ടത്. ജില്ലാ പഞ്ചായത്ത്, എൻഎച്ച്‌എം, പാലാ നഗരസഭ എന്നിവർ സംയുക്തമായി ചേർന്ന് ടെലികോബൾട്ട് യൂണിറ്റ് വാങ്ങാൻ തുക അനുവദിച്ചെങ്കിലും മെച്ചപ്പെട്ടെ കെട്ടിട സൗകര്യമില്ലാത്തതിനാൽ യൂണിറ്റ് സ്ഥാപിക്കാനായില്ല.
പദ്ധതി നടപ്പാക്കുന്നതോടെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലളിൽനിന്നുള്ള നിർധന രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള കാൻസർ ചികിത്സ ലഭ്യമാക്കാൻ പാലാ ആശുപത്രിയിൽ സൗകര്യം ഒരുങ്ങും.
പുതിയ ബ്ലോക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും നിർമാണം ഉടൻ ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും എംപി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..