കോട്ടയം
ശമ്പളമില്ലാതെ 108 ആംബുലൻസ് ജീവനക്കാരുടെ ജീവിതം ദുരിതത്തിൽ. സംസ്ഥാനത്തെ 108 ആംബുലൻസ് നടത്തിപ്പ് കരാർ എടുത്തിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് അകാരണമായി ശമ്പളം വൈകിക്കുന്നതിനാൽ ജില്ലയിലെ ആംബുലൻസ് തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാണ്. ടെൻഡർ കാലാവധി അവസാനിക്കുന്ന ഈ സമയത്ത് അകാരണമായി ശമ്പളം വൈകിപ്പിച്ച് തൊഴിലാളികളെ സർക്കാരിനെതിരായി തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പ്രവർത്തിയെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
മറ്റ് ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കുന്ന ഒരു ആനുകൂല്യങ്ങളും 108 ആംബുലൻസ് തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ശമ്പളം നൽകാത്തതിനെതിരെ ഒരു ആശുപത്രിയിൽനിന്നും മറ്റൊരു ആശുപത്രിയിലേക്കുള്ള റഫറൻസ് എടുക്കാതെ തൊഴിലാളികൾ സമരത്തിലാണ്. എങ്കിലും അവശ്യസർവീസ് എന്ന ബോധ്യം ഉള്ളതിനാൽ റോഡ് അപകടങ്ങളിൽ പെടുന്നവർക്കും, വീടുകളിൽ ഉണ്ടാവുന്ന അത്യാഹിതങ്ങൾക്കും കുട്ടികളുടെ ആവശ്യങ്ങൾക്കും സർവീസ് നടത്തിക്കൊണ്ടാണ് സമരം. തൊഴിലാളിവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കമ്പനിയുടെ തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..