19 September Thursday

എരുമേലി ബൈപാസ് നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

എരുമേലി ബെെപാസ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

  

കാഞ്ഞിരപ്പള്ളി
ജങ്ഷനുകളിലും പ്രധാന നഗരങ്ങളിലുമുള്ള കുരുക്കാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അതിനെ തരണംചെയ്യാൻ ബൈപാസ്, ഫ്ലൈഓവർ, അടിപ്പാതകൾ, ജങ്ഷൻ വികസനപദ്ധതികൾ തുടങ്ങിയ സമഗ്രപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊരട്ടി–- ഓരുങ്കൽ–- കരിമ്പിൻതോട് പാത(എരുമേലി ബൈപാസ്) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരിച്ച- ഇടക്കുന്നം–- കൂവപ്പള്ളി റോഡും മന്ത്രി നാടിന്‌ സമർപ്പിച്ചു. 
എരുമേലി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായിക്കുന്ന എരുമേലി ബൈപാസ് ശബരിമല തീർഥാടനത്തിന് മുതൽക്കൂട്ടാകും. കാഞ്ഞിരപ്പള്ളി–- എരുമേലി സംസ്ഥാന പാതയിലെ കുറുവാമൂഴിയിൽ നിന്നാരംഭിച്ച് എരുമേലി -മുക്കട റോഡിൽ കരിമ്പിൻതോട്ടിൽ എത്തിച്ചേരുന്ന രീതിയിലാണ്‌ ബൈപാസ്‌ നിർമാണം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും റാന്നി, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ പ്രദേശത്തേക്കുമുള്ള ദീർഘദൂര യാത്രികർക്ക് എരുമേലി ടൗൺ ഒഴിവാക്കി സഞ്ചരിക്കാൻ അനുയോജ്യമായ മാർഗമാണിത്‌. നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‌ സമീപത്തുകൂടിയാണ് പാത കടന്നുപോകുന്നത്. 
നബാർഡ് പദ്ധതിയിൽപ്പെടുത്തി അഞ്ചുകോടി രൂപ ചെലവഴിച്ചാണ് 6.6 കിലോമീറ്റർ റോഡ് ബിഎം ബിസി നിലവാരത്തിൽ നവീകരിച്ചത്‌. കാഞ്ഞിരപ്പള്ളി– ഇടക്കുന്നം  റോഡിനെയും, കാഞ്ഞിരപ്പള്ളി എരുമേലി സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന  റോഡാണ് ഇടക്കുന്നം–-കാരികുളം–കൂവപ്പള്ളി റോഡ്. പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച അഞ്ച്‌ കോടി രൂപ ഉപയോഗിച്ച്‌ ബിഎം ബിസി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്. 
ചടങ്ങുകളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എംഎൽഎ അധ്യക്ഷനായി. സമ്മേളനങ്ങളിൽ ടി എസ്‌ കൃഷ്ണകുമാർ, കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി, വി ഐ അജി, ജുബി അഷറഫ്, ജസ്ന നജീബ്, അജേഷ് കുമാർ, ബിനോ ജോൺ ചാലക്കുഴി, കെ കെ ശശികുമാർ, അജിതാ രതീഷ്, അഡ്വ. സാജൻ കുന്നത്ത്, ഡയസ് മാത്യു കോക്കാട്ട്, സിയാദ് കട്ടുപാറ, ജോസിന അന്ന ജോസ് എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top