26 December Thursday

അപകടമലയായി കണമല; വാഹനങ്ങൾ മറിയുന്നത് പതിവായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

കണമലയിൽ ബുധനാഴ്ച പുലർച്ചെ അപകടത്തിൽ തകർന്ന ശബരിമല തീർഥാടകരുടെ ബസ്

കാഞ്ഞിരപ്പള്ളി> കുത്തനെയുള്ള ഇറക്കങ്ങളും വളവുകളും ഏറെയുള്ള കണമല മേഖലയിൽ വർഷങ്ങളായി അപകടം പതിവ്‌.  മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന തീർഥാടകരുടെ വാഹനങ്ങളാണ്‌ അപകടത്തിൽ പെടുന്നതിലേറെയും. ഇലവുങ്കൽ–-കണമല റോഡിൽ നാറാണംതോട് മൂന്നാം വളവിൽ  ബസ് മറിഞ്ഞ് 66 പേർക്ക് പരിക്കേറ്റതാണ്‌ അടുത്ത കാലത്തുണ്ടായ  വലിയ അപകടം. ശബരിമലയിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസ്‌ അപകടത്തിൽപെട്ടത്‌ മാർച്ച് 28നാണ്.  തമിഴ്നാട് കുംഭകോണം സ്വദേശികളായിരുന്നു ബസിൽ.  ഒമ്പതുകുട്ടികൾ അടക്കം  66 പേർക്കും പരിക്കേറ്റു.
 
തമിഴ്നാട്ടിൽനിന്നുള്ള സംഘം സഞ്ചരിച്ച മിനിബസ് കണമല അട്ടിവളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് കാറിന് മുകളിലേക്ക് മറിഞ്ഞത് 2022 ഡിസംബർ 12നാണ്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കർണാടകസംഘം സഞ്ചരിച്ച് കാറിലേക്കാണ് മിനി ബസ് മറിഞ്ഞത്.  അപകടത്തിൽ എട്ടുപേർക്ക് സാരമായി പരിക്കേറ്റു.  ഇതിന് ഏതാനും ദിവസം മുമ്പ്  നവംബർ 18ന് അട്ടിവളവിൽ കെഎസ്ആർടിസി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായി. ആന്ധ്രയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും ഇതു മനസിലാക്കി തൊട്ടു മുന്നിൽ പോയ കെഎസ്ആർടിസി ബസ് നിർത്തിക്കൊടുത്തതിനാൽ അതിൽ ഇടിച്ച്‌ നിന്നു.  
ശബരിമല തീർഥാടകർ സഞ്ചരിച്ച  മിനിബസ്‌ 2022 ജൂലൈ 17ന്‌ മറിഞ്ഞതും കണമല ഇറക്കത്തിലായിരുന്നു. തിരുപ്പൂരിൽ നിന്നുള്ള 19 അംഗസംഘം സഞ്ചരിച്ച മിനി ബസാണ്  അപകടത്തിൽപ്പെട്ടത്. ഏതാനും പേർക്ക്‌ പരിക്കേറ്റു. ആന്ധ്ര ഗുണ്ടൂർ സ്വദേശികളായ 35 അംഗസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഒമ്പത്‌ പേർക്ക് പരിക്കേറ്റതും കണമല അട്ടിവളവിന്‌ സമീപമായിരുന്നു. 2021 ഡിസംബർ 20നാണ്‌ 35 അംഗസംഘം സഞ്ചരിച്ച ബസ്‌ മറിഞ്ഞത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top