19 October Saturday

താഴത്ത്‌ ഒരു അങ്ങാടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
കോട്ടയം
പഴയ കോട്ടയം പട്ടണത്തിന്റെ പ്രൗഢി ഇന്നും വിളിച്ചോതുന്ന ഇടമാണ്‌ താഴത്തങ്ങാടി. തെക്കുംകൂർ ഭരണകാലത്ത് താഴത്തങ്ങാടി പ്രധാന വാണിജ്യകേന്ദ്രമായിരുന്നു. തെക്കുംകൂറിന്റെ ആസ്ഥാനവും കോട്ടയും എല്ലാം സ്ഥിതി ചെയ്‌തിരുന്നത്‌ തളിയിൽകോട്ടയിലാണ്‌. അതിന്റെ താഴെയുള്ള പ്രദേശത്തുണ്ടായിരുന്ന അങ്ങാടി എന്ന നിലയ്‌ക്കാണ്‌ താഴത്തങ്ങാടി എന്ന പേര്‌ വന്നതെന്നു കരുതുന്നു. അതിനുമുമ്പ്‌ ജോനകർ എന്നറിയപ്പെട്ട അറബികൾ ഇവിടെ കച്ചവടത്തിന്‌ എത്തിയിരുന്നു. പഴയകാല അങ്ങാടികളുടെ ഏകദേശം രൂപം ‘ഉണ്ണിയാടി ചരിത’ത്തിൽ കാണാം. പയർ, മുതിര, ചോളം, പായ, ചിരവ, ചിരട്ട, കറുവപ്പട്ട, അയമോദകം, കമ്പിളി, കരിമ്പ്‌, പെരുമ്പറ തുടങ്ങിയ വിവിധയിനം സാധനങ്ങൾ ഇവിടെ ലഭിച്ചിരുന്നെന്ന്‌ കരുതാം. ജോനകർ, ചോഴിയർ, വാണിയർ തുടങ്ങിയ സമുദായക്കാർ കച്ചവടക്കാരായിരുന്നു. മലയോരത്ത്‌ കൃഷി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇവിടെയെത്തിച്ച ശേഷം കൗണാറ്റിലൂടെ പുറക്കാട്ട്‌ തുറമുഖത്ത്‌ എത്തിച്ച്‌ വിദേശത്തേക്ക്‌ കയറ്റി അയച്ചതായും കരുതുന്നു. അറബികൾക്കു പുറമേ ഡച്ചുകാരും പറങ്കികളും താഴത്തങ്ങാടിയിൽ എത്തിയിട്ടുണ്ട്‌. താഴത്തങ്ങാടിയിൽ ഒരു ഡച്ച് സ്കൂൾ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. കേരളത്തിലെ തന്നെ പുരാതനമായതും വാസ്‌തുവിദ്യ കാരണം ലോകപ്രശസ്‌തി നേടിയ താഴത്തങ്ങാടി ജുമാമസ്‌ജിദും പുരാതനമായ കോട്ടയം വലിയ പള്ളിയും ചെറിയപള്ളിയും തളി ക്ഷേത്രവും നൂറ്റാണ്ടുകൾ പഴക്കമുള്ള മീനച്ചിലാറിന്റെ തീരത്തെ നിർമിതികളും താഴത്തങ്ങാടിയുടെ ഗതകാല പ്രാധാന്യം ഓർമിപ്പിക്കുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top