കോട്ടയം
പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തങ്ങളെ മുന്നിൽ കാണുമ്പോൾ ആരുമൊന്ന് പകച്ച് നിൽക്കും. ഇനി ആശങ്കകൾ മാറ്റിവച്ച് പകരം സ്വയം പ്രതിരോധിക്കാം. അതിനായി ജനങ്ങൾക്ക് ബോധവത്കരണവും പരിശീലനവും നൽകാൻ ദേശീയ ദുരന്തനിവാരണ സേനാ(എൻഡിആർഫ്) സംഘം ജില്ലയിലെത്തി. ചെന്നൈ ആരക്കോണത്തെ എൻഡിആർഎഫ് നാലാം ബെറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് ഡോ. ബി എസ് ഗോവിന്ദ്, ഇൻസ്‌പെക്ടർ കപിൽ എന്നിവരുടെ നേതൃത്വത്തിൽ 26 അംഗങ്ങളാണ് സംഘത്തിലുള്ളത്. തിങ്കളാഴ്ച ജില്ലയിൽ എത്തിയ സംഘം പ്രകൃതിക്ഷോഭം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു. കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച സംഘം ജനപ്രതിനിധികളുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഈരാറ്റുപേട്ട പിണ്ണാക്കനാട്ടെ പാചകവാതക റീഫില്ലിങ് പ്ലാന്റ് സന്ദർശിച്ചു. പാചകവാതകവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ നേരിടാനുള്ള സൗകര്യങ്ങളടക്കം വിലയിരുത്തി. പൂഞ്ഞാർ എൻജിനിയറിങ് കോളേജ്, കാഞ്ഞിരം എസ്എൻഡിപി എച്ച്എസ്എസിലെയും വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വിവിധ രീതിയിലുള്ള ദുരന്തങ്ങളുണ്ടായാൽ എങ്ങനെ നേരിടണം, ജനങ്ങളെ രക്ഷപ്പെടുത്തുന്നതെങ്ങനെ, പരിക്കേറ്റവരെ രക്ഷിക്കുന്നതെങ്ങനെ എന്നതടക്കമുള്ള വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും നൽകി. ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കുമായുള്ള ബോധവത്കരണ-പരിശീലന പരിപാടി വ്യാഴാഴ്ച കുമരകത്ത് നടക്കും. വെള്ളിയാഴ്ച വരെയാണ് സന്ദർശനം.
കുമരകത്ത് ഇന്ന് മോക്ഡ്രിൽ
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്തനിവാരണ സേനയുമായി ചേർന്ന് വ്യാഴാഴ്ച കുമരകം കവണാറ്റിൻകരയിൽ മോക്ഡ്രിൽ നടത്തും. വെള്ളപ്പൊക്ക ദുരന്തങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെ രക്ഷപ്പെടുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്തനിവാരണ സേനയും നടത്തുന്ന പ്രവർത്തനങ്ങൾ പ്രായോഗികമായി പരിചയപ്പെടുത്താനാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. കവണാറ്റിൻകര പാലത്തിന് സമീപം രാവിലെ 10 മുതലാണ് മോക്ഡ്രിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..