22 December Sunday

മറക്കാം ലഹരി, തിരികെ പിടിക്കാം ജീവിതം

ജിതിൻ ബാബുUpdated: Tuesday Aug 20, 2024
കോട്ടയം
ലോകത്തിന്‌ മുന്നിൽ നാം നേടിയ നേട്ടങ്ങളുടെ പൊലിമ കുറയ്‌ക്കുന്ന തരത്തിലാണ്‌ യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നത്‌. കൗതുകത്തിന്‌ വേണ്ടിയോ, സുഹൃത്തുക്കളുടെ നിർബന്ധം കാരണമോ, ഉപയോഗിച്ചാൽ കിട്ടിയേക്കാവുന്ന ഫലങ്ങളെ കുറിച്ചുള്ള മിഥ്യാധാരണയൊക്കെ ലഹരി ഉപയോഗത്തിലേക്ക്‌ വഴുതി വീഴുന്ന സാഹചര്യങ്ങളായി മാറുന്നു. സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, പഠനത്തിലും പാഠ്യേതര വിഷയത്തിലുമുള്ള താൽപ്പര്യക്കുറവ്‌, ഊർജസ്വലതയില്ലായ്‌മ, ശാരീരികാസ്വാസ്ഥ്യം, വിശപ്പില്ലായ്മ, ഉറക്കക്ഷീണമുള്ള മുഖം എന്നിവയെല്ലാം ലഹരി ഉപയോഗിക്കുന്നതിന്റെ ലക്ഷണങ്ങളാവാം. 
   എന്നാൽ നിരന്തരമായ കരുതലിലൂടെ അവരെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാനുള്ള അവസരങ്ങൾ സർക്കാരും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്നു. 
തെളിയുന്നു, പ്രതീക്ഷയുടെ നുറുങ്ങുവെട്ടം
 ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്ന സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷനിലൂടെ ആയിരങ്ങളാണ്‌ തിരികെ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തുന്നതെന്ന്‌ കണക്കുകൾ തെളിയിക്കുന്നു. വിമുക്തി മിഷന്റെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അഡിക്ഷൻ സെന്ററിൽ ഇതുവരെ 10476 പേരാണ്‌ ചികിത്സ തേടിയെത്തിയത്‌. 857 പേർക്ക്‌ കിടത്തി ചികിത്സയും 5108 പേർക്ക്‌ കൗൺസലിങ്ങും നൽകി. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കണക്ക്‌ പ്രകാരം 1767 പേർ ഇവിടെ ചികിത്സ തേടിയെത്തി. ഒപി സേവനം, കൗൺസിലിങ്, മരുന്നുകൾ, മാനസികോല്ലാസത്തിനുള്ള സൗകര്യം, യോഗ, ലഹരിയിൽനിന്ന്‌ മോചനം നേടുന്നവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രത്യേക കരുതൽ എന്നിവ ലഭ്യമാണ്.  
നേരോടെ, ശ്രദ്ധയോടെ മുന്നോട്ട്‌ 
യുവജനങ്ങൾക്ക് ലഹരിയെക്കുറിച്ച് അവബോധം നൽകാനായി കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും ജില്ലയിൽ സജീവമാണ്‌. കോളേജ്‌ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കായി ‘ശ്രദ്ധ’, കാമ്പസുകളിലെ വിദ്യാർഥികൾക്കായി നേർക്കൂട്ടം പദ്ധതികളും എക്‌സൈസ്‌ വകുപ്പിന്റെ നേതൃത്വത്തിൽ  സജീവമാണ്‌. 84 കോളേജുകളിലും 53 ഹോസ്റ്റലുകളിലും ക്ലബുകൾ സജീവമാണ്‌. 
 വാർഡൻ, വിദ്യാർഥി പ്രതിനിധികൾ, എക്‌സൈസ്‌ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന കമ്മിറ്റി ഹോസ്റ്റലുകളിലും പ്രിൻസിപ്പൽ, ക്ലബ്‌ പ്രതിനിധികൾ, വിദ്യാർഥി പ്രതിനിധികൾ, എക്‌സൈസ്‌ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം കോളേജുകളിലെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവൽക്കരണ പ്രവർത്തനങ്ങളുണ്ട്‌.  
                                                                                        (അവസാനിച്ചു)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top