കോട്ടയം
കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഉത്രട്ടാതി ദിവസം ക്ഷേത്രാചാരങ്ങളോടെ നടത്തുന്ന ഊരുചുറ്റ് വള്ളംകളി ആഘോഷപൂർവം വ്യാഴാഴ്ച നടന്നു. പള്ളിയോടത്തിലേറി ദേവി ദേശവഴികളിലെ ഭക്തരെ അനുഗ്രഹിക്കുന്നതിനായി ഊരുചുറ്റുന്നുവെന്നാണ് ഐതിഹ്യം. ദേവിയുടെ സിംഹവാഹനം വഹിച്ച ചുണ്ടൻവള്ളമായ വിനായകനും മറ്റുവള്ളങ്ങളും വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ രാവിലെ എട്ടിന് ആറാട്ടുകടവിൽനിന്ന് പുറപ്പെട്ടു. ചെമ്മങ്ങാട്ട് ശ്രീകൃഷ്‌ണക്ഷേത്രം, നീലിമംഗലം, അമ്പാട്ട്, നട്ടാശ്ശേരി, ചവിട്ടുവരി വഴി സൂര്യകാലടിമനയിൽ എത്തി, അവിടെനിന്നും വട്ടമൂട്, നാഗമ്പടം വഴി ചുങ്കത്ത് എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം ഗോവിന്ദപുരം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശ്ശേരി, കുടമാളൂർ, വഴി ക്ഷേത്രത്തിന്റെ വടക്കേനട വഴി വൈകിട്ട് ആറോടെ ആറാട്ടുകടവിൽ എത്തി. ഇവിടെനിന്നും കരവഞ്ചിയോടെ നടയിലെത്തി സിംഹവാഹനം തിരികെ സമർപ്പിച്ചതോടെ ഈ വർഷത്തെ ജലോത്സവം സമാപിച്ചു. വഴിനീളെ നിശ്ചയിച്ച സ്ഥലങ്ങളിൽനിന്നെല്ലാം ഭക്തർ നൽകുന്ന വഴിപാടുകളും മറ്റും സ്വീകരിച്ചു. കുമാരനല്ലൂർ, നടുഭാഗം, കിഴക്കുഭാഗം, നട്ടാശേരി, ഗാന്ധിനഗർ എൻഎസ്‌എസ് കരയോഗങ്ങളുടെ നേതൃത്വത്തിലാണ് ജലോത്സവം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..