കോട്ടയം
ജില്ലയിലെ ബാലഭിക്ഷാടന മാഫിയക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ. റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ്, തീർഥാടന കേന്ദ്രം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ബാലഭിക്ഷാടനം നടക്കുന്നത്. ശബരിമല സീസണിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഭിക്ഷാടനമാഫിയയുടെ ഭാഗമായി കൂടുതൽ പേർ ജില്ലയിലേക്ക് എത്താറുണ്ട്. സീസൺ തുങ്ങുന്ന സാഹചര്യത്തിൽ ബാലഭിക്ഷാടനം സജീവമാകാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ കർശന പരിശോധ നടത്തുമെന്നും അധികൃതർ അറിയിച്ചു.
കോട്ടയം റെയിൽവേ സ്‌റ്റേഷൻ കൂടാതെ എരുമേലി ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരിശോധന നടത്തും. റെയിൽവേ പൊലീസ്, ജില്ലാ ശിശുസംരക്ഷണ കേന്ദ്രം, പൊലീസ്, ചൈൽഡ് ലൈൻ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. അരുൺ കുര്യൻ പറഞ്ഞു. ബാലഭിക്ഷാടനമോ, ബാലവേലയോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാനും നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം നാഗമ്പടത്ത് കുട്ടികളെ ഉയോഗിച്ച് ഭിക്ഷാടനം നടത്തുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അധികൃതർ സ്ഥലത്ത് എത്തുന്നതിന് മുമ്പ് സംഘം ഇവിടെനിന്ന് കടന്നു. നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ ആയിരങ്ങളാണ് ചൊവ്വാഴ്ച ദിവസം എത്തുന്നത്. ഇത് മുന്നിൽ കണ്ടാണ് ഭിക്ഷാടന മാഫിയ ബസ് സ്റ്റാൻഡ് പരിസരത്ത് സജീവമാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..