20 October Sunday

ക്ഷയരോഗ മുക്തം
6 പഞ്ചായത്തുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
കോട്ടയം
ക്ഷയരോഗ മുക്തമായി ജില്ലയിലെ ആറ് പഞ്ചായത്തുകൾ. രാജ്യത്തെ ക്ഷയരോഗ മുക്തമാക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ടിബി മുക്ത്  ഭാരത് പദ്ധതിയിലാണ്‌ ആറു പഞ്ചായത്തുകൾ പ്രഥമ പുരസ്‌കാരത്തിന് അർഹമായത്‌. ഞീഴൂർ, കല്ലറ, അകലക്കുന്നം, തലപ്പലം, കറുകച്ചാൽ, മണിമല പഞ്ചായത്തുകളാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 
  കുറഞ്ഞ ക്ഷയരോഗ വ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ജനസംഖ്യയുടെ മൂന്നുശതമാനം പേരെയെങ്കിലും ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കുകയും അതിൽ ഒരാളിൽ കൂടുതൽ ക്ഷയരോഗം കണ്ടെത്താതിരിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമാനദണ്ഡം. നിലവിൽ ചികിത്സയിലിരുന്ന 60 ശതമാനം രോഗികളിൽ എങ്കിലും ക്ഷയരോഗത്തിന്റെ മരുന്നുകൾക്കെതിരെ രോഗാണു പ്രതിരോധം ഇല്ല എന്ന് ന്യൂക്ലിക് ആസിഡ് പരിശോധന വഴി നിർണയിക്കുക, നിലവിൽ ചികിത്സ പൂർത്തീകരിച്ചവരിൽ 85 ശതമാനത്തിൽ കൂടുതൽ രോഗം ഭേദമാവുക, നിലവിൽ ചികിത്സയിലുള്ള എല്ലാ രോഗികൾക്കും പോഷകാഹാരം ഉറപ്പാക്കുക, എല്ലാ രോഗികൾക്കും നിക്ഷയ് പോഷണ് യോജന ഒരു ഗഡു സഹായമെങ്കിലും ലഭിക്കുക എന്നിവയും ആദ്യഘട്ട പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമായി.
  ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ക്ഷയരോഗ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2024 ഡിസംബർ 31ന്‌ മുമ്പ്‌ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിശോധന പൂർത്തിയാക്കി പ്രഥമഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യം. 80 ശതമാനം പഞ്ചായത്തുകൾ ഈ നില കൈവരിക്കുന്നതോടെ ജില്ല ക്ഷയരോഗ മുക്തമാകും.
  പുരസ്‌കാരം പഞ്ചായത്ത് പ്രസിഡന്റ്, കമ്മിറ്റി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് കലക്ടർ ജോൺ വി സാമുവൽ 24ന്‌ പകൽ 10.30ന്‌ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനംചെയ്യും. മഹാത്മാഗാന്ധിയുടെ വെങ്കല ശിൽപവും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാംഘട്ട പുരസ്‌കാരം വെള്ളി ശിൽപവും മൂന്നാംഘട്ടം സ്വർണവുമായിരിക്കും. ഒന്നാംഘട്ടത്തിലെ നേട്ടങ്ങൾ തുടർന്നുള്ള വർഷങ്ങളിലും നിലനിർത്തുന്ന പഞ്ചായത്തുകൾക്കാണ് രണ്ടാംഘട്ട, മൂന്നാംഘട്ട പുരസ്‌കാരങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top