കോട്ടയം
"ഇനി ഞാൻ ഒഴുകട്ടെ' ജനകീയ കാമ്പയിനിലൂടെ ജില്ലയിൽ വീണ്ടെടുത്തത് 1289 നീർച്ചാലുകൾ. 1408.09 കിലോമീറ്റർ നീളത്തിൽ ജലാശയങ്ങൾ ഇനി തടസമില്ലാതെ ഒഴുകും. നികന്ന് പോയതോ ഒഴുക്ക് നിലച്ചതോ കൈയേറ്റം ചെയ്യപ്പെട്ടതോ ആയ നീർച്ചാലുകളാണ് വീണ്ടെടുത്തത്. 2021 മുതൽ ഏപ്രിൽ മുതൽ 2024 ഡിസംബർ പത്ത് വരെയുള്ള കണക്ക് പ്രകാരമാണിത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനപങ്കാളിത്തം ഉറപ്പാക്കി നീർച്ചാലുകൾ ശുചീകരിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം.
ഇത് കൂടാതെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ജില്ലയിലാകെ 31 ലാബുകളാണ് സ്ഥാപിച്ചത്. ആകെ 937 പരിശോധന നടത്തി. ജലലഭ്യത ആവശ്യമുള്ള ഇടങ്ങൾ കണ്ടെത്തി 257 കുളം പുതുതായി ജില്ലയിൽ നിർമിച്ചു. 61 കുളങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 587 കിണർ പുതുതായി നിർമിച്ചപ്പോൾ 449 എണ്ണം റീചാർജ് ചെയ്ത് ജലലഭ്യതയും ഉറപ്പാക്കി. 18 സ്ഥിരം തടയണയും 2083 താൽക്കാലിക തടയണയും നിർമിച്ചു. വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങൾ തെരഞ്ഞെടുത്താണ് തടയണകൾ നിർമിച്ചത്. പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ജില്ലയിൽ ഡിസംബർ എട്ടിന് തുടക്കമായി. ആദ്യ പത്ത് ദിവസത്തിനിടെ 62. 41 കിലോമീറ്റർ നീളത്തിൽ നീർച്ചാലുകൾ ശുചീകരിച്ചിട്ടുണ്ട്.
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി മാർച്ച് 30ഓടെ സംസ്ഥാനത്തെ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമാക്കി വീണ്ടെടുക്കുകയാണ് ലക്ഷ്യം. പശ്ചിമഘട്ടത്തോട് ചേർന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളുടെ സ്ഥിതിവിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ച് കൂടിയാണ് നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചത്. 2019ലാണ് കാമ്പയിന് തുടക്കമായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..