കോട്ടയം
അയ്‌മനമാകെ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡോ. പി ആർ കുമാർ.
ചികിത്സാരംഗത്ത് മാത്രമായി അദ്ദേഹം ഒതുങ്ങിയില്ല. നാട്ടിൽ സാമൂഹ്യസേവന പ്രവർത്തനം എവിടെയുണ്ടോ അവിടെയെല്ലാം ഡോ. പി ആർ കുമാർ എന്ന പേരും കാണാം. അദ്ദേഹമില്ലാത്ത കമ്മിറ്റികൾ നാട്ടിൽ കുറവായിരുന്നു. ബാങ്കിന്റെ ഭീഷണി മൂലം ആത്മഹത്യ ചെയ്‌ത കെ സി ബിനുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള സമിതിയിലാണ് അദ്ദേഹം അവസാനമായി രക്ഷാധികാരിയായത്.
വഴികാട്ടിയത്
കുട്ടിക്കാലത്തെ അനുഭവം
കുട്ടിക്കാലത്തുണ്ടായ അനുഭവമാണ് പി ആർ കുമാറിനെ ഡോക്ടറാകാൻ പ്രേരിപ്പിച്ചത്. അച്‌ഛനൊപ്പം അയ്‌മനത്തെ പാടത്തുകൂടി നടക്കുന്നതിനിടെ ഒരു സ്‌ത്രീ പാമ്പുകടിയേറ്റ് കിടക്കുന്നത് കണ്ടു. അവരെ പലരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ""നീ ഡോക്ടറാക്, എന്നിട്ട് ആളുകളെ മരണത്തിൽനിന്ന് രക്ഷിക്ക് '' എന്നായിരുന്നു അന്ന് അച്ഛൻ പറഞ്ഞത്. അച്ഛൻ പോലും പിന്നീടത് മറന്നെങ്കിലും പി ആർ കുമാർ മറന്നില്ല.ആർജിച്ച അറിവ് സാധാരണക്കാരുടെ സൗഖ്യത്തിന് ഉപയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്വന്തം ക്ലിനിക്കിലും ആശുപത്രികളിലും കുറഞ്ഞ ചെലവിൽ ചികിത്സ നൽകി. മെഡിക്കൽ ക്യാമ്പുകളിൽ രജിസ്‌ട്രേഷൻ ഫീസ് വാങ്ങരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. നിരവധി തിമിരശസ്‌ത്രക്രിയകൾ നടത്തി, സൗജന്യമായി കണ്ണടകൾ വിതരണം ചെയ്‌തു. സ്വന്തം ചെലവിൽ മരുന്നുകളും വിതരണം ചെയ്‌തു. ആതുരസേവനരംഗത്ത് മികച്ച അവസരങ്ങൾ പലതും വേണ്ടെന്നുവച്ചാണ് അദ്ദേഹം അയ്‌മനത്ത് സേവനം തുടർന്നത്.
പ്രളയകാലത്ത് ആശ്രയം
പ്രളയസമയത്ത് ക്യാമ്പുകളിലെത്തി രോഗികളെ നോക്കി. രോഗം അതിവേഗം തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശസ്‌തമായിരുന്നു. വലിയ സുഹൃദ്‌വലയം തന്നെ അയ്‌മനത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. സേവനങ്ങൾക്ക് എംജി സർവകലാശാലയുടെ ഗാന്ധി മാനവിക പുരസ്‌കാരം, എൻ എൻ പിള്ള അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ഹരം വള്ളംകളിയും
കൃഷിയും
വള്ളംകളി വലിയ ഹരമായിരുന്നു. ഒപ്പം വള്ളംകളിപ്പാട്ടുകളും. കുട്ടനാടൻ ശൈലിയിൽ വേഗം കൂടിയ വഞ്ചിപ്പാട്ടുകൾ താളത്തിൽ പാടുമായിരുന്നു. അയ്‌മനത്തിന്റെ വള്ളംകളിപ്പെരുമ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. നെഹ്രുട്രോഫി വള്ളംകളിയിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെയും അയ്‌മനം ബോട്ട് ക്ലബ്ബിന്റെയും ക്യാപ്‌റ്റനായിട്ടുണ്ട്.
നാട്ടിൻപുറത്തെ സ്‌നേഹിച്ച ഡോ. പി ആർ കുമാറിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു കൃഷിയും പശുപരിപാലനവുമെല്ലാം. പരിപ്പിലെയും പുന്നത്തുറയിലെയും സ്ഥലത്ത് കൃഷിയുമുണ്ട്. എല്ലാ ദിവസവും അതിരാവിലെ മുതൽ രാത്രി വരെ ആശുപത്രിയും കൃഷിയിടവുമൊക്കെയായി ഡോക്ടർ തിരക്കിൽതന്നെ ആയിരിക്കും.
ശനിയാഴ്‌ച വരെ ഊർജസ്വലനായിരുന്ന ഡോക്ടർക്ക് അന്ന് വൈകിട്ട് വീട്ടിലെത്തിയ ശേഷമാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. അർധരാത്രിയോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം നീണ്ട അടിയന്തര ശസ്‌ത്രക്രിയയാണ് നടത്തിയത്. മന്ത്രി വി എൻ വാസവനും വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..