കോട്ടയം
കുറുവ സംഘനേതാവ് സന്തോഷ് ശെൽവം ആലപ്പുഴയിൽ അറസ്‌റ്റിലായതോടെ ജില്ലയിലും ജാഗ്രത. സംഘത്തിന്റെ പ്രവർത്തനമേഖല കോട്ടയമായിരുന്നതിനാൽ ഇവരുടെ സംഘാംഗങ്ങൾ ഇപ്പോഴും ജില്ലയിൽ പലയിടത്തുമുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണത്തിന് പിടിയിലായ സന്തോഷ്, പാലാ സ്‌റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. ജാമ്യം റദ്ദാക്കാൻ പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
2023ൽ പൈകയിലെ വീടുകളിൽ മോഷണം നടത്തിയ കേസിൽ ഈവർഷം ജൂണിൽ സന്തോഷ് പാലാ പൊലീസിന്റെ പിടിയിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞമാസവും സ്‌റ്റേഷനിലെത്തി ഒപ്പിട്ടിരുന്നു. ഒക്‌ടോബറിനു ശേഷം ഒപ്പിടേണ്ടതില്ലെങ്കിലും ഇടയ്‌ക്കിടെ ഇയാളെ സ്‌റ്റേഷനിൽ വിളിച്ചുവരുത്താറുണ്ടായിരുന്നെന്ന് പാലാ പൊലീസ് അറിയിച്ചു. ഇതിനിടെയാണ് പൊലീസിനെ ഞെട്ടിച്ച് സന്തോഷ് ആലപ്പുഴയിൽ മോഷണക്കേസിൽ പിടിയിലായത്. ആലപ്പുഴയിലെ കേസിന്റെ മുഴുവൻ വിവരങ്ങളും എടുത്ത ശേഷം ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകും.
പൈകയിലെ മോഷണക്കേസിൽ സന്തോഷിനൊപ്പം വേലൻ, അർജുൻ, മാണിക്യം എന്നിവരും പിടിയിലായിരുന്നു. ഇതിൽ അർജുനും മാണിക്യവും മറ്റൊരു കേസിൽ സേലം ജയിലിലാണ്. വേലൻ ജാമ്യത്തിലും. കേസിൽ പശുപതി എന്നൊരാളെ പിടികിട്ടാനുണ്ട്. കുറുവസംഘം സമീപജില്ലയിലുള്ളതിനാൽ കോട്ടയത്തും പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
പൈകയിൽ മോഷണം നടത്തിയ അതേ കാലയവളവിൽതന്നെ രാമപുരം, ചിങ്ങവനം, ചങ്ങനാശേരി സ്‌റ്റേഷൻ പരിധികളിലും സംഘം മോഷണം നടത്തിയിരുന്നു. വലിയൊരു സംഘംതന്നെ ഇവർക്കൊപ്പമുണ്ടായിരുന്നെന്നാണ് പൊലീസിനുള്ള വിവരം. കാഞ്ഞിരപ്പള്ളി, പാലാ, കൂത്താട്ടുകുളം ഭാഗങ്ങളിൽ സന്തോഷ് ശെൽവം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ഇവർക്കൊപ്പമുള്ള സ്‌ത്രീകളും മോഷണത്തിന് പൂർണ പിന്തുണയാണ് നൽകുന്നത്.
രാത്രികാലങ്ങളിൽ വീടിന്റെ വാതിലും ജനാലകളും അടച്ച് കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അറിയിച്ചു. അപശബ്ദങ്ങളുണ്ടാക്കി വീട്ടിലുള്ളവരെ പുറത്തേക്കിറക്കാൻ മോഷ്ടാക്കൾ ശ്രമിക്കും. ശബ്ദങ്ങൾ കേട്ടാൽ പുറത്തിറങ്ങരുത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..