പാലാ
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിഭാവനംചെയ്‌ത് നടപ്പാക്കുന്ന റിവർവ്യൂ റോഡ് എക്‌സറ്റൻഷൻ പദ്ധതി ഉടൻ പൂർത്തിയാക്കണമെന പാലാ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മീനച്ചിലാറിന്റെ തീരത്തുകൂടി മുനിസിപ്പൽ പാർക്കുമുതൽ കൊട്ടാരമറ്റംവരെ നീളുന്ന പദ്ധതിയുടെ ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമേയം വ്യക്തമാക്കി. റബർ വിലത്തകർച്ചയ്ക്ക് കാരണമായ വൻകിട ടയർ വ്യവസായ ലോബിക്ക് അനുകൂലമായ കേന്ദ്ര സർക്കാരിന്റെ നയം തിരുത്തി, ഇറക്കുമതിക്ക് ചുങ്കം ഏർപ്പെടുത്തുക. കുറഞ്ഞ ചെലവിൽ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്നതിന് പാലാ ജനറൽ ആശുപത്രിയിലെ ഓങ്കോളജി ക്ലിനിക്കിൽ കീമോ–-റേഡിയേഷൻ–-ഹോർമോൺ തെറാപ്പി ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക, കളരിയാമ്മാക്കൽ കടവ് പാലത്തിന്റെ അപ്രോച്ച്‌റോഡ് നിർമാണം നടത്തുക, കെഎസ്‌ആർടിസി ഡിപ്പോയിലെ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിലെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക, ഇ എം എസ് സ്‌മാരക സ്‌റ്റേഡിയം നിർമാണത്തിന് സർക്കാർ സഹായം ലഭ്യമാക്കുക, കടപ്ലാമറ്റം പഞ്ചായത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ പാലാ–-കുറവിലങ്ങാട് കെഎസ്‌ആർടിസി സർവീസ് ആരംഭിക്കുക, മിൽമ എറണാകുളം മേഖല യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് പ്രസിഡന്റ് അധികാരത്തിൽ തുടരുന്ന ഏകാധിപത്യ നടപടികൾ തടഞ്ഞ് തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. വി ജി സലി നഗറിൽ (പാലാ മുനിസിപ്പൽ ടൗൺ ഹാൾ) നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം പൊതുചർച്ചയോടെയാണ് ആരംഭിച്ചത്. ചർച്ചകൾക്ക് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ എന്നിവർ മറുപടി പറഞ്ഞു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്‌ക്ക് ഏരിയ സെക്രട്ടറി പി എം ജോസഫ് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്, സി ജെ ജോസഫ്, കൃഷ്‌ണകുമാരി രാജശേഖരൻ, കെ എം രാധാകൃഷ്‌ണൻ, അഡ്വ. റെജി സഖറിയ, ജില്ലാ കമ്മറ്റിയംഗം സജേഷ് ശശി എന്നിവർ സംസാരിച്ചു. ടി ആർ വേണുഗോപാൽ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..