17 September Tuesday

വിറപ്പിച്ച് കാറ്റ്... മഴ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

 കോട്ടയം

ബുധൻ പുലർച്ചെ ഉണ്ടായ മഴയിലും ശക്തമായ കാറ്റിലും ജില്ലയിൽ വ്യാപക നാശം. കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കല്ലറ, ഒളശ, പരിപ്പ്‌, വെച്ചൂർ, ഉദയനാപുരം, അയർക്കുന്നം, പള്ളം തുടങ്ങിയ ഭാഗങ്ങളിലുമാണ്‌ വ്യാപകമായ നാശമുണ്ടായത്‌. വൈക്കം, കോട്ടയം താലൂക്കുകളിലെ പ്രദേശങ്ങളിൽ നിരവധി വീടുകൾ മരം വീണ്‌ തകർന്നു. പള്ളത്ത്‌ കെഎസ്‌ഇബി സബ്‌സ്‌റ്റേഷനു സമീപം വൈദ്യുതലൈനിലേക്ക്‌ മരം വീണതിനെ തുടർന്ന്‌ ജില്ലയിലെ മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി. പലയിടങ്ങളിലും ലൈനിലേക്ക്‌ മരം വീണും പോസ്‌റ്റുകൾ തകർന്നും വൈദ്യുതി ബന്ധം തകരാറിലായി.  തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേനടയിലും മുട്ടമ്പലം പൊലീസ്‌ ക്വാട്ടേഴ്‌സിലും കുട്ടികളുടെ ലൈബ്രറിയിലും മരം കടപുഴകി വീണു. കെഎസ്‌ആർടിസി ബസ്‌ സ്‌റ്റേഷനിൽ ജീവനക്കാരുടെ പാർക്കിങ്‌ സ്ഥലത്ത്‌ ഇരുചക്രവാഹനങ്ങൾക്കു മുകളിലേക്ക്‌ മരം വീണ്‌ വാഹനങ്ങൾക്ക്‌ കേടുപാടുകൾ സംഭവിച്ചു. ഏറ്റുമാനൂർ കണ്ണംപുരയിൽ ഒരേക്കർ വാഴകൃഷിയും നശിച്ചിട്ടുണ്ട്‌. മീനച്ചിലാറ്റിൽ ജലനിരപ്പ്‌ ഉയർന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചു. ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശമുണ്ടായി. നഗരസഭയിലെ പേരൂർ പായിക്കാട് ഭാഗങ്ങളിൽ മരം കടപുഴകി വീണ് വീടുകൾ തകർന്നു. ആർപ്പുക്കരയിൽ കരിപ്പൂത്തട്ട്, വില്ലുന്നി, മണിയാപറമ്പ് മേഖലയിൽ വൻകൃഷിനാശം ഉണ്ടായി. തള്ളകം പ്രദേശത്ത് പന്ത്രണ്ടോളം പോസ്റ്റുകൾ റോഡിലേക്ക് കടപുഴകി വീണു. വെട്ടിക്കൊമ്പിൽ  ബിജുവിന്റെ വീടിന്റെ മുകളിലേക്ക് സമീപത്തുനിന്ന രണ്ടു മരങ്ങൾ കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. 
വാഴൂർ വില്ലേജിൽ രണ്ട് വീടുകൾക്കും വെള്ളാവൂരിൽ ഒരു വീടിനും കേടുപാടുകൾ സംഭവിച്ചു. വൈക്കത്ത്‌ ആറുവീടുകൾക്ക്‌ നാശമുണ്ടായി. വൈക്കം നഗരസഭ എട്ടാം വാർഡിൽ മഠത്തിൽ പറമ്പിൽ വക്കച്ചന്റെ വീടിനു മുകളിലേക്ക്‌ ശക്തമായ കാറ്റിൽ മരം കടപുഴകി വീണു. വീട്‌ തകർന്നത്‌ വൃക്ക രോഗിയായ വക്കച്ചന്റെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. വൈക്കം കാളിയമ്മനട ക്ഷേത്ര റോഡ്, ഉദയനാപുരം - ഇരുമ്പൂഴിക്കര, തുറുവേലിക്കുന്ന് -ഉദയനാപുരം, ഉല്ലല -കൊതവറ റോഡ്, വെച്ചൂർ മങ്ങാട്ട് - ഈട്ടുമ്പുറം, ഇടയാഴം കണമംഗലം - അഞ്ചൊടി പാടം തുടങ്ങിയ റോഡുകളിലും മരംവീണു. കടുത്തുരുത്തി മേഖലയിൽ ആറുവീടുകൾക്ക്‌ നാശമുണ്ടായി. രണ്ടുവീടുകളിലെ കിണറിന്റെ ചുറ്റുമതിലും മരം കടപുഴകിവീണ് തകര്‍ന്നു. പത്തിലധികം ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top