22 November Friday

കാനംവണ്ടിക്ക്‌ 
നാടിന്റെ ആദരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കാനം

"കാനംവണ്ടി' എന്ന്‌ അറിയപ്പെട്ട കാനത്തിന്റെ സ്വന്തം സെന്റ്‌ തോമസ് ബസ് ആറുപതിറ്റാണ്ടിന്റെ സേവനത്തിനുശേഷം പുതിയ മാനേജ്മെന്റിന്റെ ഉടമസ്ഥതയിൽ. കാനം ഗ്രാമത്തെ 63 വർഷം കോട്ടയം നഗരവുമായി ബന്ധിപ്പിച്ച സെന്റ്‌ തോമസായിരുന്നു ഗ്രാമത്തിന്റെ എല്ലാവിധ വികസനങ്ങൾക്കും കാരണം. 1961 ൽ മോളി മോട്ടോഴ്‌സ്‌ എന്ന പേരിൽ സർവീസ്‌ തുടങ്ങിയ ബസ്‌ 1963 ൽ സംക്രാന്തി ഒതളത്തുംമൂട്ടിൽ കുടുംബം ഏറ്റെടുത്ത്‌ സെന്റ്‌ തോമസ്‌ എന്ന പേരിൽ സർവീസ്‌ തുടങ്ങുകയായിരുന്നു. പിന്നീട്‌ 2024 വരെ മുടങ്ങിയിട്ടില്ല.  63 വർഷത്തിനിടെ കോവിഡ് കാലത്തെ ഏതാനും ദിവസങ്ങൾ മാത്രമാണ്‌ സർവീസ് മുടങ്ങിയത്. 1963 മുതൽ 1987 വരെ പി വി ചാക്കോയുടെ പേരിലായിരുന്നു ബസ്. പിന്നീട് മകൻ ജോൺ കെ ജേക്കബിന്റെ(ലാൽ) പേരിലായി. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ അടക്കമുള്ളവരുടെ ആദ്യകാലത്തെ യാത്രാമാർഗമായിരുന്നു ഈ ബസ്‌. 

യാത്രക്കാർ കുറവായ സമയത്തും നഷ്‌ടം സഹിച്ചും സർവീസ് തുടർന്നു. ആദ്യകാലത്ത്‌ കോട്ടയത്തുനിന്ന്‌- കാനം വരെയായിരുന്നു സർവീസ്‌. പിന്നീട്‌ ചാമംപതാൽ വരെയും തുടർന്ന്‌ പൊൻകുന്നംവരെയും നീട്ടി. ജീവനക്കാരുടെ പെരുമാറ്റവും നാട്ടുകാരുമായുള്ള ബന്ധവുമാണ്‌ സെന്റ്‌ തോമസിനെ പ്രിയപ്പെട്ടതാക്കിയത്‌. ഓരോ യാത്രക്കാരും ഇറങ്ങുന്ന സ്ഥലവും ജീവനക്കാർക്ക്‌ മനപ്പാഠമായിരുന്നു. കാനം ഉൾപ്പെടുന്ന പ്രദേശങ്ങളുടെ വികസനത്തിന് കാരണമായ ബസുടമകളെ ഞായർ വൈകിട്ട്‌ അഞ്ചിന്‌ കാനം പള്ളിക്കവലയിൽ പൗരസമിതി നേതൃത്വത്തിൽ ആദരിക്കും. ബാൻഡ്‌സെറ്റ്‌, ചെണ്ടമേളം, ഗാനമേള, മധുരവിതരണം, പൊതുസമ്മേളനം എന്നിവയുണ്ടാകും. ഗവ. ചീഫ്‌ വിപ്പ്‌ ഡോ. എൻ ജയരാജ്‌  മുഖ്യാതിഥിയാകും. ളാക്കാട്ടുരുള്ള ബിനു നാഗപള്ളിയാണ്‌ സെന്റ്‌ തോമസ് ബസ് വാങ്ങിയത്. തുടർന്നും ഈ പേരിൽ തന്നെ സർവീസ്‌ തുടരുമെന്ന്‌ പുതിയ മാനേജ്‌മെന്റ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top