കോട്ടയം
സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസിനുകീഴിലുള്ള ചെറുവാണ്ടൂർ ഫാർമസി കോളേജിലെ മരുന്നുഗുണനിലവാര പരിശോധനാ കേന്ദ്രം ചൊവ്വ പകൽ 11.30ന് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനംചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ പരിപാടിയാണിത്. സംസ്ഥാനത്തെ അഞ്ചാമത്തെ മരുന്നുപരിശോധനാ കേന്ദ്രമാണ് ഏറ്റുമാനൂരിലേത്.
2022–--23 ലെ സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. മൂന്നു കോടി രൂപയാണ് ആദ്യ ഘട്ടത്തിനായി അനുവദിച്ചത്. അലോപ്പതി മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ആദ്യഘട്ടത്തിലുണ്ടാവുക. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ നൽകുന്ന മെഡിക്കൽ സർവീസ് കോർപറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാൻ കഴിയുന്ന രീതിയിലാണ് ലാബ് സ്ഥാപിച്ചിത്. അടുത്ത ഘട്ടങ്ങളിൽ ആയൂർവേദ–-ഹോമിയോ മരുന്നുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവ ഉൾപ്പെടെ പരിശോധിക്കാൻ കഴിയുന്ന തരത്തിലേക്ക് ലാബ് വികസിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..