കോട്ടയം
സ്വീഡനിൽ നടന്ന ഗോതിയ കപ്പ് ടൂർണമെന്റിൽ വിജയികളായി ഇന്ത്യൻ സ്പെഷ്യൽ ഒളിമ്പിക്സ് ഫുട്ബോൾ ടീം. ചരിത്രവിജയത്തിൽ ഇടംപിടിച്ച ടീമിൽ കോട്ടയം സ്വദേശികളും അംഗങ്ങൾ.
കുറുപ്പന്തറ സ്വദേശികളായ ലാലു ജോസഫ് –- മായാ ദമ്പതികളുടെ മകൻ ആരോമൽ, കോട്ടയം ആയാംകുടി നമ്പിയാകുളം ജോസ് ദേവസ്യ–- ടാനി ദമ്പതികളുടെ മകൻ അബി എന്നിവരാണ് കാൽപ്പന്തിൽ ജില്ലയുടെ യശസുയർത്തിയത്. പരപ്പനങ്ങാടി സദാംബീച്ച് സ്വദേശി മുഹമ്മദ് ബഷീർ –- മുംതാസ് ദമ്പതികളുടെ മകൻ ഷഹീറാണ് ടീമിൽ ഇടംനേടിയ മറ്റൊരു മലയാളി.
ആരോമൽ ഏറ്റുമാനൂർ വെട്ടിമുകൾ സേവാഗ്രാം സ്‌പെഷ്യൽ സ്‌കൂളിലും അബി കടുത്തുരുത്തി ആയാംകുടി ആശാനികേതൻ സ്‌പെഷ്യൽ സ്‌കൂളിലും പഠിക്കുന്നു. ഗോതിയ കപ്പിൽ ഇന്ത്യൻ ടീം ഗോളുകളുമായി നിറഞ്ഞാടിയപ്പോൾ ഇവരുടെ കാൽസ്‌പർശവും നിർണായകമായി. സേവാഗ്രാം സ്പെഷ്യൽ സ്കൂളിലെ കായികാധ്യാപകൻ അലൻ സി വർഗീസായിരുന്നു മൂവരുടെയും പരിശീലകൻ. ലോകത്തിന്റെ നെറുകെയിൽ പന്തടിച്ച് മടങ്ങിയെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് നാട്. ചൊവ്വാ രാവിലെ 10ന് സേവാഗ്രാം സ്പെഷ്യൽ സ്കൂളിൽ മന്ത്രി വി എൻ വാസവൻ ആരോമൽ ജോസഫിനെ ആദരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..