08 September Sunday

ആറ്‌ കോടിയുടെ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

കാലവർഷക്കെടുതിയിൽ നശിച്ച വാഴകൃഷി (ഫയൽ ചിത്രം)

കോട്ടയം 
വേനൽമഴയിലെ നാശത്തിന്‌ പിന്നാലെ കർഷകരെ വലച്ച്‌ കാലവർഷക്കെടുതിയും. 6.42 കോടി രൂപയുടെ കൃഷിനാശമാണ്‌ ജൂലൈയിൽ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. മഴയിലും കാറ്റിലുമാണ്‌ വ്യാപകമായ നാശമുണ്ടായത്‌. കഴിഞ്ഞ വേനൽമഴയിൽ ഇരുപത്തിനാല്‌ കോടിയിലേറെ രൂപയുടെ നഷ്‌ടം സംഭവിച്ചിരുന്നു. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ്‌ കൂടുതൽ കൃഷി നശിച്ചത്‌. 241.51 ഹെക്‌ടർ സ്ഥലത്ത്‌ ഉണ്ടായിരുന്ന 1440 കർഷകരുടെ വിവിധ വിളകളാണ്‌ നശിച്ചത്‌. വാഴയ്‌ക്കും നെല്ലിനുമാണ്‌ ഏറ്റവും അധികം നാശം സംഭവിച്ചത്‌. 176 ഹെക്‌ടർ സ്ഥലത്തെ നെൽകൃഷി മഴയിൽ നശിച്ചു. 137 കർഷകരെയാണ്‌ ദുരിതം ബാധിച്ചത്‌. 2.63 കോടിയുടെ നഷ്‌ടം കണക്കാക്കിയിട്ടുണ്ട്‌. 541 കർഷകരുടെ ഇരുപത്തിയാറ്‌ ഹെക്‌ടറിലെ മുപ്പതിനായിരത്തിനടുത്ത്‌ വാഴകൾ നശിച്ചു. 1.60 കോടി രൂപയുടെ നാശമുണ്ട്‌. വേനൽമഴയിലും സമാന സ്ഥിതിയായിരുന്നു. അന്നും നെല്ലിനും വാഴയ്‌ക്കുമാണ്‌ വലിയ നാശം ഉണ്ടായത്‌. 
ഇവയ്ക്കു പുറമേ റബർ, കുരുമുളക്, ജാതി, കപ്പ, തെങ്ങ്‌,കവുങ്ങ്‌, മാങ്ങ, പച്ചക്കറി തുടങ്ങിയവയും നശിച്ചിട്ടുണ്ട്. ശരാശരി  944.5 മില്ലിമീറ്റർ മഴയാണ്‌ കാലവർഷമായി ജില്ലയിൽ ലഭിച്ചത്. സാധാരണ പെയ്യേണ്ടതിനേക്കാൾ ഇത്തവണ നേരിയ കുറവുണ്ടായി. മഴയിൽ കാര്യമായ വർധന ഇല്ലാത്തത്‌ കൃഷിനാശത്തിന്റെ ആഘാതം കുറച്ചിട്ടുണ്ടെന്നാണ്‌ വിലയിരുത്തൽ. മറ്റു ജില്ലകളേക്കാൽ കുറവ്‌ മഴയാണ്‌ കോട്ടയത്ത്‌ ലഭിച്ചത്‌. ഓണം വിപണി ഉൾപ്പെടെ ലക്ഷ്യം വച്ചാണ്‌ പലരും കൃഷിയിറക്കിയത്‌. കർഷകർക്ക്‌ സഹായധനം ഉൾപ്പെടെ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top