23 November Saturday
7.35 ലക്ഷം മൊബൈൽ ഉപഭോക്താക്കൾ

ഫുൾറേഞ്ചിൽ കുതിച്ച്‌ ബിഎസ്‌എൻഎൽ

സ്വന്തം ലേഖികUpdated: Friday Aug 23, 2024
 
കോട്ടയം 
ജില്ലയിൽ ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻവർധന. ബിഎസ്‌എൻഎൽ കണക്‌ഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു. പുതുതായി ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്യുന്ന മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ 200 ശതമാനത്തോളം വർധന  ജൂലൈയിൽ രേഖപ്പെടുത്തി. പുതുതായി ബിഎസ്എൻഎൽ സിം കണക്ഷനുകൾ സ്വീകരിക്കുന്നവരുടെ എണ്ണവും പതിന്മടങ്ങ് വർധിച്ചു. ജൂലൈയിൽ 1,830 പേർ ബിഎസ്എൻഎലിലേക്ക് പോർട്ടുചെയ്യുകയും 4,700പേർ പുതിയ മൊബൈൽ കണക്ഷൻ സ്വീകരിക്കുകയും ചെയ്തു. ജില്ലയിൽ ആകെ 7.35 ലക്ഷം ബിഎസ്എൻഎൽ മൊബൈൽ ഉപഭോക്താക്കളുണ്ട്‌. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഫോർ ജി സാങ്കേതികത അനുസരിച്ചുള്ള പുതിയ ടവറുകൾ പ്രവർത്തനക്ഷമമായതും സ്വകാര്യ ഓപ്പറേറ്റർമാർ നിരക്കുകൾ കുത്തനെ ഉയർത്തിയപ്പോൾ ബിഎസ്എൻഎൽ നിരക്ക് വർധിപ്പിക്കാത്തതുമാണ്‌ ബിഎസ്‌എൻഎൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയത്‌. 
  ആകെയുള്ള 521 മൊബൈൽ ടവറുകളിൽ 119 ടവറുകളിൽ ഫോർജി സൗകര്യം ലഭ്യമാണ്. ഇതിനുപുറമേ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികത മുൻനിർത്തിയുള്ള പുതിയ ഫോർ ജി സിഗ്നലുകൾ 34 ടവറുകളിൽ ലഭ്യമായി തുടങ്ങി.  ആദ്യഘട്ടത്തിൽ കാഞ്ഞിരപ്പള്ളി ടൗൺ, പള്ളം, കോട്ടയം, പനച്ചിക്കാട്‌, ചിങ്ങവനം പ്രദേശങ്ങളിലാണ്‌ ലഭ്യമായത്‌. ബാക്കിയുള്ള ടവറുകളിലേക്ക് ഫോർ ജി സൗകര്യം ലഭ്യമാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്‌. 
ദിവസവും ഒരു ജിബി ഡാറ്റയുള്ള 28 ദിവസ പ്ലാനിന് കേവലം 108 രൂപയാണ് ബിഎസ്‌എൻഎൽ ഈടാക്കുന്നത്. നിലവിലുള്ള ടുജി, ത്രീജി സിമ്മുകൾ ഫോർജി ആക്കാൻ എല്ലാ കസ്റ്റമർ കെയർ സെന്ററുകളിലും റീടൈലർ ഷോപ്പുകളിലും അവസരമുണ്ട്‌. ഉപഭോക്താക്കളുടെ സിം ഇപ്പോൾ 
ത്രീജിയോ ഫോർജിയോ എന്നറിയാൻ 9497979797 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ മതി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top