അയർക്കുന്നം
കോട്ടയം താലൂക്കിലുൾപ്പെട്ട ഒരു പഞ്ചായത്താണ് അയർക്കുന്നം. അയർക്കുന്നം കവലയും പരിസരപ്രദേശങ്ങളുമാണ് അയർക്കുന്നം എന്ന പേരിലറിയപ്പെടുന്നത്. ഈ പേര് വന്നതെങ്ങനെയെന്ന അന്വേഷണം ചെന്നുനിൽക്കുക രണ്ട് വാദങ്ങളിലേക്കാണ്. ഒന്നാമത്തെ വാദം അയിരുകുന്ന് പരിണമിച്ച് അയർക്കുന്നം ആയി എന്നതാണ്. അയ്യർകുന്നാണ് അയർക്കുന്നമായതെന്നും വാദമുണ്ട്. സംഭവം എന്തായാലും കുന്നാണ് താരം. അയർക്കുന്നത്ത് സ്ഥിതിചെയ്യുന്ന കുന്നിൽനിന്നുമാണ് നാടിന്റെ പേര് ഉരുത്തിരിഞ്ഞത്. പണ്ടുപണ്ടെങ്ങോ ഒരു അയ്യർ ഈ കുന്നിൽ വന്നു താമസിച്ചിരുന്നുവെന്നും അയ്യർ ഉള്ള കുന്ന് അയ്യരുകുന്നും ക്രമേണ അയർക്കുന്നവുമായി എന്നാണ് നാട്ടിലുള്ള ഒരു കഥ. അടുത്ത കഥയും കുന്നിനെ ചുറ്റിപ്പറ്റി തന്നെ. ഈ കുന്നിൽ ഇരുമ്പയിരിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നും അങ്ങനെ അയിരുകുന്ന് എന്ന പേര് വന്നെന്നും ഇത് പതിയെ അയർക്കുന്നമായി മാറുകയും ചെയ്‌തു. ഈ കഥക്ക് കുറച്ച് തെളിവുകളുടെ പിൻബലവുമുണ്ട്. അയർക്കുന്നത്തും പരിസരപ്രദേശങ്ങളിലും ഇരുമ്പുപകരണങ്ങളുടെ നിർമാണം നടന്നിരുന്നു. നിരവധി സ്ഥാപനങ്ങളും ഇവിടെ ഉണ്ടായിരുന്നു. അവയിൽ ചിലത് ഇന്നും നാമമാത്രമായി പ്രവർത്തിക്കുന്നു. ഇവിടെനിന്ന് ശിലായുഗ അവശിഷ്‌ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..