കോട്ടയം
തീപിടിത്തത്തിൽ നശിച്ച വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിലെ(കെപിപിഎൽ) യന്ത്രത്തിന്റെ അറ്റകുറ്റപ്പണി അതിവേഗം. ഇതരസംസ്ഥാനങ്ങളിൽനിന്ന് സ്‌പെയർ പാർട്‌സ് സമയത്ത് എത്തിയാൽ നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. പൂർണമായും കത്തിയ കേബിളുകൾക്ക് പകരം പുതിയവ ഉടൻ ഡൽഹിയിൽനിന്ന് എത്തും. മെഷീൻ ക്ലോത്തിങ് ജെയ്‌പൂരിൽനിന്ന് ചൊവ്വാഴ്‌ച എത്തുമെന്നാണ് പ്രതീക്ഷ. ഈമാസം അഞ്ചിനായിരുന്നു കെപിപിഎല്ലിലെ പ്രധാന യന്ത്രമായ പേപ്പർ മെഷീനിൽ വൻ തീപിടിത്തമുണ്ടായത്. "വോയ്‌ത്' എന്ന ജർമൻ കമ്പനിയുടേതാണ് മെഷീൻ. കോടികളുടെ നഷ്ടമുണ്ടായി. സർക്കാരിന്റെ ഇടപെടലിൽ രണ്ട് ദിവസത്തിനകം തന്നെ അറ്റകുറ്റപ്പണി ആരംഭിച്ചു. നിലവിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒന്ന് വരെ ഇടവേളകളില്ലാതെ പണി നടക്കുകയാണ്. അഗ്നിസുരക്ഷാ സംവിധാനം മികച്ചാതാക്കാനുള്ള പണിയും നടക്കുന്നുണ്ട്. തീപിടിത്തം സംബന്ധിച്ച് അന്വേഷിക്കുന്ന പാലാ ആർഡിഒ രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം 27ന് പകൽ 10.30ന് പാലാ ആർഡിഒ ഓഫീസിൽ അവലോകനയോഗം ചേരും. അട്ടിമറി സാധ്യത ഇതുവരെ പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല. ഫയർഫോഴ്‌സ്, പൊലീസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്, കെഎസ്‌ഇബി എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവരിൽ ഓരോരുത്തരുടെയും പ്രത്യേകം റിപ്പോർട്ടുകൾ തയ്യാറായി വരുന്നു. ഇത് അവലോകനയോഗത്തിൽ ക്രോഡീകരിക്കും. വിലടയാള വിദഗ്‌ധർ, സയന്റിഫിക് സംഘം, ഫോറൻസിക് എന്നിവരെല്ലാം പരിശോധന നടത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട് നിർണായകമാണ്. മലയാളം പത്രങ്ങളടക്കം മുപ്പതോളം ദിനപത്രങ്ങൾ കെപിപിഎല്ലിന്റെ ന്യൂസ്‌പ്രിന്റാണ് ഉപയോഗിക്കുന്നത്. ദിവസം 200 ടൺ ന്യൂസ്‌പ്രിന്റ് ഉൽപ്പാദിപ്പിച്ചിരുന്ന യന്ത്രമാണ് കത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..