23 October Wednesday

ഇനി 75000 അല്ല, ഒരു ലക്ഷം ലിറ്റർ പാലെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024
കോട്ടയം
പ്രതിദിന ശേഷി 75,000 ലിറ്ററിൽനിന്ന്‌  ഒരു ലക്ഷം ലിറ്ററായി വർധിപ്പിച്ച് നവീകരിച്ച മിൽമ കോട്ടയം ഡെയറി മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. ഇതോടെ നിലവിലുള്ളതിനേക്കാൾ അധികം പാൽ വിൽക്കാൻ കർഷകർക്കും അവസരമൊരുങ്ങും. നവീകരണവുമായി ബന്ധപ്പെട്ട് കോട്ടയം ഡെയറിയിൽ പുതുതായി പാസ്ചറൈസർ(10,000 ലിറ്റർ), ഹോമോജനൈസർ (10,000 ലിറ്റർ), മിൽക്ക് സെപ്പറേറ്റർ (10,000 ലിറ്റർ), തൈര്‌ പാസ്ചറൈസർ (5000 ലിറ്റർ) എന്നിവ സ്ഥാപിച്ചിട്ടുണ്ട്. തൈര്‌ സംഭരണിയുടെ ശേഷിയും ശീതീകരണ പ്ലാന്റിന്റെ ശേഷി 150 ടണ്ണായി വർധിപ്പിക്കുകയും ചെയ്തു.
മികച്ച പ്രവർത്തനങ്ങൾക്ക് മിൽമ എറണാകുളം മേഖലാ യൂണിയനെ ദക്ഷിണേന്ത്യയിലെ പ്രൊമിസിങ് മിൽക്ക് യൂണിയനായി നാഷണൽ ഡെയറി ഡെവലപ്പ്മെന്റ ബോർഡ് തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച 3.2 കോടി രൂപയിൽ നിന്ന് വകയിരുത്തിയ 65 ലക്ഷം രൂപ, പലിശരഹിത വായ്പയായി 2.6 കോടി രൂപയും കേരള സർക്കാരിന്റെ വാർഷിക പദ്ധതിയിലെ 47 ലക്ഷം രൂപയും മേഖലാ യൂണിയന്റെ തനത്‌ ഫണ്ടിൽ നിന്നുള്ള 52 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് ഡെയറി വിപുലീകരിച്ചത്‌.  
എറണാകുളം മേഖലാ യൂണിയന്റെ 2023-–- 24 വർഷത്തെ ലാഭവിഭജന പ്രകാരം അംഗസംഘങ്ങൾക്കുള്ള ബോണസ്‌ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിതരണം ചെയ്തു. മിൽമ ഫെഡറേഷൻ എംഡി ആസിഫ് കെ യൂസഫ്, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, എറണാകുളം മേഖലാ യൂണിയൻ എംഡി വിൽസൺ ജെ പുറവക്കാട്ട്, മുൻ ചെയർമാൻ ജോൺ തെരുവത്ത്, ജോണി ജോസഫ്, സോണി ഈറ്റക്കൻ, ജോമോൻ ജോസഫ്, ലൈസാമ്മ ജോർജ്‌, വി സോമൻകുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top