23 December Monday

വരയിൽ വിസ്‌മയം തീർത്ത്‌ കുട്ടിത്താരങ്ങൾ

സ്വന്തം ലേഖകൻUpdated: Monday Dec 23, 2024

സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ബസേലിയസ് കോളേജിൽ കുട്ടികൾക്കായി നടന്ന ചിത്രരചന

 

കോട്ടയം
വരകളിലും വർണ്ണങ്ങളിലും വിസ്‌മയം തീർത്ത്‌ കൊച്ചുകൂട്ടുകാർ ഒത്തുചേർന്നു. പൂക്കളും ചിത്രശലഭങ്ങളും വീടുകളും ഗ്രാമകാഴ്‌ചകളുമൊക്കെയായി ഭാവനകൾക്ക്‌ അവർ കടലാസിൽ നിറം പകർന്നു. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ കുട്ടികൾക്കായി ചിത്രരചനാ മത്സരത്തിൽ 57 കുട്ടികളാണ്‌ പങ്കെടുത്തത്‌. ടി കെ രാമകൃഷ്‌ണൻ സ്‌മാരക പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ബസേലിയസ്‌ കോളേജിൽ നടന്ന മത്സരം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം ബി ആനന്ദക്കുട്ടൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി എൻ സത്യനേശൻ, സജേഷ്‌ ശശി, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ അഭിലാഷ്‌, അജിൻ കുരുവിള ബാബു, ബി ആഷിക്ക്‌, ഒ ആർ പ്രദീപ്‌, രാഹുൽ പി ജയകുമാർ എന്നിവർ സംസാരിച്ചു. 
എൽകെജി–-യുകെജി, എൽപി, യുപി, എച്ച്‌എസ്–-എച്ച്‌എസ്‌എസ്‌ എന്നീ വിഭാഗങ്ങളിലായിട്ടാണ്‌ മത്സരം നടത്തിയത്‌. സമാപനയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷനായി. എം കെ രമേഷ്‌, ആർ അർജുനൻ പിള്ള എന്നിവർ സംസാരിച്ചു. എൽകെജി–-യുകെജി വിഭാഗത്തിൽ എസ്‌എച്ച്‌ പബ്ലിക്‌ സ്‌കൂളിലെ ഋഷികേശ്‌ ആർ നായർ ഒന്നാം സ്ഥാനവും ശ്രീനാരായണ പബ്ലിക്‌ സ്‌കൂളിലെ ഇക്‌ഷിത്‌ വിഷ്‌ണു രണ്ടാം സ്ഥാനവും നേടി. എൽപി വിഭാ‌ഗത്തിൽ ലൂർദ്‌ പബ്ലിക്‌ സ്‌കൂളിലെ പ്രേയസ്‌ പ്രവീൺ ഒന്നും എംഡിഎൽപിഎസിലെ ആർ ശ്രേയ രണ്ടും സ്ഥാനങ്ങളിലെത്തി. യുപി വിഭാഗത്തിൽ സെന്റ്‌ മേരീസ്‌ യുപിഎസിലെ സിബിസൺ ഒന്നാമതും ദേവിവിലാസം എച്ച്‌എസിലെ ആർ ശ്രീഹരി രണ്ടാമതുമെത്തി. എച്ച്‌എസ്–-എച്ച്‌എസ്‌എസ്‌ വിഭാ‌ഗത്തിൽ എ ഇനിയ ഒന്നാം സ്ഥാനവും ലൂർദ്‌ പബ്ലിക്‌ സ്‌കൂളിലെ കെ അക്ഷര രണ്ടാം സ്ഥാനവും നേടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top