24 September Tuesday

കോട്ടയം നഗരസഭയിലെ തട്ടിപ്പ്‌; 
നടപടി കൂടുതൽ പേരിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
കോട്ടയം
കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട്​ തട്ടിപ്പിൽ നടപടി കൂടുതൽ പേരിലേക്ക്‌ നീളുന്നതായി സൂചന. തദ്ദേശവകുപ്പിന്റെ വകുപ്പ്‌ തല അന്വേഷണത്തെ തുടർന്നാണ്‌ നടപടി. മുനിസിപ്പൽ സെക്രട്ടറിയെ സർവീസിൽനിന്നു മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് പ്രിൻസിപ്പൽ ഡയറക്ടർക്ക്​ കൈമാറിയ അന്വേഷകറിപ്പോർട്ടിൽ ശുപാർശയുള്ളതായാണ്‌ സൂചന. തട്ടിപ്പ്​ നടത്തിയ മുൻ ജീവനക്കാരൻ അഖിൽ സി വർഗീസിനു പുറമെ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ്​ ​ഫെലിക്സ്​, അക്കൗണ്ട്​സ്​ വിഭാഗം സൂപ്രണ്ട്​ എസ്​ കെ ശ്യാം, അക്കൗണ്ട്​സ്​ വിഭാഗത്തിലെ സീനിയർ ക്ലർക്ക്​ വി ജി സന്തോഷ്​ കുമാർ, പെൻഷൻ വിഭാഗം ​കൈകാര്യം ചെയ്തിരുന്ന കെ ജി ബിന്ദു എന്നിവർ നിലവിൽ  സസ്‌പെൻഷനിലാണ്‌. ഇപ്പോഴുള്ള സെക്രട്ടറി 2023 ഏപ്രിലിലാണ്​ കോട്ടയം നഗരസഭയിലെത്തുന്നത്​. അതിനുമുമ്പുള്ള സെക്രട്ടറിമാർക്കെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യം വ്യക്​തമല്ല. 
 നഗരസഭയിൽ ഓഡിറ്റ്-, തദ്ദേശവകുപ്പുകളുടെ അന്വേഷണം തുടരുകയാണ്​​. കഴിഞ്ഞ 30 മുതൽ തദ്ദേശവകുപ്പ്​ സീനിയർ ഫിനാൻസ്​ ഓഫിസറുടെ നേതൃത്വത്തിൽ ഏഴംഗസംഘം പരിശോധന നടത്തുന്നുണ്ട്​. ഓഡിറ്റ്​ ഡയറക്ടർ കെ ജി മിനിമോളുടെ നേതൃത്വത്തിലാണ്​ ഓഡിറ്റ് വകുപ്പിന്റെ പരിശോധന. 2020 ഒക്​ടോബർ മുതൽ 2024 ആഗസ്‌ത്‌​ വരെ കാലയളവിൽ 2.39 ലക്ഷം രൂപയാണ്​ പ്രതി അഖിൽ ​അമ്മയുടെ പേരിലുള്ള കൊല്ലം എസ്​ബിഐയിലെ അക്കൗണ്ടിലേക്ക്​ മാത്രം മാറ്റിയത്​​. ട്രഷറി വഴി 51.90 ലക്ഷവും ബാങ്ക്​ ഓഫ്​ മഹാരാഷ്ട്ര വഴി 55.79 ലക്ഷവും എസ്​ബിഐ വഴി 1.31 കോടിയുമാണ്​ തട്ടിയത്​. ഇതേ സമയം ഇന്ന് നഗരസഭ ഓഫീസിൽ എത്തിയ സെക്രട്ടറി ഫയലുകളിൽ അത്യാവശ്യം വേണ്ടപ്പെട്ടതിൽ മാത്രം ഒപ്പിട്ടു. തുടർന്ന്, ലാപ്‌ടോപ്പ് അടക്കം തിരികെ ഏൽപ്പിച്ച്‌ അവധിയിൽ പോയതായാണ്‌ വിവരം. നഗരസഭ സെക്രട്ടറിയുടെ ഓഫീസിനു മുന്നിലുള്ള ബോർഡ്‌ മാറ്റിയിട്ടുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top