24 September Tuesday

ഒരു ‘ദുരന്ത’ എക്‌സ്‌പ്രസ്‌ യാത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കഴിഞ്ഞദിവസം വേണാട്‌ എക്‌സ്‌പ്രസിലുണ്ടായ തിരക്ക്‌

കോട്ടയം
മനുഷ്യരെ കുത്തിനിറച്ച്‌  ശ്വാസംമുട്ടിച്ച്‌ കൊന്ന ബ്രിട്ടീഷ്‌ ക്രൂരത ഇന്ത്യൻ റെയിൽവേയ്‌ക്ക്‌ മുമ്പിൽ മുട്ടുകുത്തും. വാഗൺ ട്രാജഡിയെ തോൽപ്പിക്കും വിധമാണ്‌ ഇവിടുത്തെ ട്രെയിൻ യാത്ര. ശ്വാസംമുട്ടിയോ, ട്രാക്കിൽ വീണോ മരിച്ചില്ലേൽ ലക്ഷ്യസ്ഥാനത്തെത്താം എന്ന അവസ്ഥയാണ്‌ കോട്ടയം–-എറണാകുളം റൂട്ടിൽ കാണാനാവുക. തിങ്കളാഴ്‌ച വേണാട്‌, പാലരുവി എക്‌സ്‌പ്രസുകളിൽ സമാനതകളില്ലാത്ത ദുരിതങ്ങളാണ്‌ യാത്രക്കാർ അനുഭവിച്ചത്‌. ലഗേജ്‌ ബർത്തിൽ പോലും ആളുകളുടെ മടിയിലിരുന്നും വാതിലുകളിൽ തൂങ്ങിപ്പിടിച്ചും ശുചിമുറിയ്‌ക്കുള്ളിൽ പോലും നിന്നാണ്‌ യാത്ര ചെയ്‌തത്‌. 
വേണാട് എക്സ്പ്രസിൽ തിരക്കിനെ തുടർന്ന് രണ്ട് യാത്രക്കാർ കുഴഞ്ഞുവീണു. ജനറൽ കംപാർട്ട്‌മെന്റിൽ നിന്ന സ്ത്രീകളാണ് കുഴഞ്ഞുവീണത്. ഏറ്റുമാനൂർ കഴിഞ്ഞതോടെ ഒരു യുവതി കുഴഞ്ഞുവീണു. ട്രെയിൻ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോൾ ഗാർഡിനെ വിവരമറിയിച്ചു. ഇതിനിടയിൽ മറ്റൊരു യുവതിയും ബോധം നഷ്‌ടപ്പെട്ട്‌ വീണുവെന്നും യാത്രക്കാർ പറഞ്ഞു. പിറവം റോഡിൽ ട്രെയിൻ നിർത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെയും വേണാട് എക്സ്പ്രസിൽ സമാനസംഭവമുണ്ടായിട്ടുണ്ട്. അന്ന്‌ മാവേലിക്കരയിൽനിന്ന് എറണാകുളത്തേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കഴിഞ്ഞ മാസം പാലരുവിയിലും യാത്രക്കാർ കുഴഞ്ഞുവീണു. വേണാടിലും പാലരുവിയിലും ഇത്‌ സ്ഥിരം സംഭവമാണെന്നാണ്‌ യാത്രക്കാർ പറയുന്നത്‌. 
അവധി ദിനങ്ങൾക്ക് ശേഷമുള്ള തിങ്കൾ ആയതിനാൽ തിരക്ക്‌ ഇരട്ടിയിലധികമായി. ഏറ്റുമാനൂർ കഴിഞ്ഞുള്ള സ്‌റ്റേഷനുകളിൽ കാത്തുനിന്ന യാത്രക്കാർക്ക്‌ പലർക്കും ട്രെയിനിൽ കയറാനാവാത്ത സ്ഥിതിയുമുണ്ടായി. ഇതിനിടെ വന്ദേഭാരത്‌ കടന്നു പോകുന്നതിനായി സ്‌റ്റോപ്പില്ലാത്ത സ്‌റ്റേഷനുകളിൽ വരെ ട്രെയിനുകൾ പിടിച്ചിട്ടു. ഇതോടെ ദുരിതം വർധിക്കുകയായിരുന്നു. ദിവസങ്ങൾക്ക്‌ മുമ്പാണ്‌ കായംകുളം –-കോട്ടയം –-എറണാകുളം റൂട്ടിലെ സ്ഥിരം യാത്രക്കാർ കറുത്ത ബാഡ്ജുകൾ ധരിച്ചെത്തി എറണാകുളം ടൗൺ സ്റ്റേഷനിൽ പ്രതിഷേധിച്ചത്‌. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്‌.  പാലരുവിയ്ക്കും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിലാണ്‌ യാത്രാക്ലേശം രൂക്ഷമാവുന്നത്‌. വേണാടിന്റെ സമയക്രമം മാറ്റുകയും എറണാകുളം സൗത്തിലെ സ്‌റ്റോപ്പ്‌ ഇല്ലാതാക്കുക്കയും ചെയ്‌തതോടെ സൗത്തിലേക്ക്‌ പോകേണ്ട യാത്രക്കാർ ഉൾപ്പെടെ പാലരുവിയെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ പാലരുവിയിലെയും തിരക്ക്‌ വർധിച്ചു. 
പാലരുവിയ്ക്കും വേണാടിനും ഇടയിൽ കോട്ടയത്തു നിന്നെങ്കിലും ഒരു മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ഇതോടെ എക്‌സ്‌പ്രസുകളിലെ തിരക്ക്‌ കുറയും. നിലവിൽ സ്ഥിരം യാത്രക്കാർക്കും ദീർഘദൂരയാത്രക്കാർക്കും എക്‌സ്‌പ്രസുകളെ ആശ്രയിക്കാനാവാത്ത അവസ്ഥയാണ്‌. 
   വന്ദേഭാരതിനായി പാലരുവി മുളന്തുരുത്തിയിൽ പിടിച്ചിടാതെ തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ യാത്രക്കാർക്ക്‌ എളുപ്പമാകും. ധാരാളം ഓഫീസുകളുള്ള കാക്കനാട്‌ ഭാഗത്തേക്കുള്ള യാത്രക്കാർ തൃപ്പൂണിത്തുറ സ്‌റ്റേഷനിലാണ്‌ ഇറങ്ങുന്നത്‌. ഇത്‌ കൂടാതെ സിറ്റിയിലേക്ക്‌ മെട്രോ, ബസ്‌ കണക്‌റ്റിവിറ്റിയും ഇവിടെ നിന്നും ലഭിക്കും. എന്നാൽ ഇതിനോടെല്ലാം മുഖം തിരിക്കുന്ന സമീപനമാണ്‌ റെയിൽവേയ്‌ക്കുള്ളത്‌. യാത്രക്കാർ തീരാദുരിതം അനുഭവിക്കുമ്പോഴും പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുന്നതിനോ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതിനോ റെയിൽവേ തയ്യാറാകുന്നില്ല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top